ലാബ്, സ്കാൻ സ്ഥാപനങ്ങൾ 4407, രജിസ്ട്രേഷനുള്ളവ 113 ! കാസർകോട്ട് ഒന്നുപോലുമില്ല, കൊല്ലത്ത് ഒന്നുമാത്രം
ആലപ്പുഴ: ചികിത്സയിൽ അതിനിർണായകമായ രക്തപരിശോധനയ്‌ക്കും സ്‌കാനിംഗിനുമായി സംസ്ഥാനത്ത് 4,407 സ്ഥാപനങ്ങളുണ്ടെങ്കിലും ഗുണനിലവാരം ഉറപ്പാക്കുന്ന സ്ഥിരം രജിസ്ട്രേഷനുള്ളത് 113 എണ്ണത്തിന് മാത്രം. കാസർകോട് സ്ഥിരം രജിസ്ട്രേഷനുള്ള ഒന്നുപോലുമില്ല. കൊല്ലത്ത് ഒന്നു മാത്രം. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും രണ്ടുവീതം.
2018ലെ നിയമം അനുസരിച്ച് ആരോഗ്യ സ്ഥാപനങ്ങൾക്ക് രണ്ടുവർഷമായിരുന്നു താത്കാലിക ലൈസൻസ് കാലാവധി. 2021ൽ ഇത് നാലു വർഷമായും 2022ൽ നാലര വർഷവുമായി ഉയർത്തിയ ബിൽ നിലവിൽ വന്നു. എന്നാൽ ലാബുകളുടെ നിലവാരവും ലൈസൻസും പരിശോധിച്ചുറപ്പാക്കാനോ ലൈസൻസില്ലാത്തവ പൂട്ടിക്കാനോ നടപടിയില്ല. ജില്ലാ മെഡിക്കൽ ഓഫീസർമാർക്കാണ് ഇതിനുള്ള അധികാരം.
ലാബുകളുടെ ഗുണമേന്മ ഏകീകരിക്കാത്തതിനാൽ ഒരേ സാമ്പിളിൽ ഓരോയിടത്തും വ്യത്യസ്ത ഫലം ലഭിക്കുന്ന അവസ്ഥയാണ്. സ്കാനിംഗുൾപ്പെടെയുള്ള പരിശോധനകളിലെ പിഴവാണ് ആലപ്പുഴയിൽ ജനിതകവൈകല്യമുള്ള കുട്ടിയുടെ ജനനമുൾപ്പെടെയുള്ള ചികിത്സാപ്രശ്നങ്ങൾക്ക് കാരണമായത്.
പരിശോധനയില്ല, വീഴ്ച കണ്ടെത്തുന്നില്ല
താത്കാലിക രജിസ്ട്രേഷൻ സ്ഥാപനങ്ങൾ നിശ്ചിത കാലാവധിക്കകം സ്ഥിരം രജിസ്ട്രേഷൻ നേടണം
പരിശോധനകളില്ലാത്തതിനാൽ നിയമലംഘനങ്ങൾ കണ്ടെത്താനാകുന്നില്ലെന്നതാണ് വാസ്തവം
സ്ഥാപനങ്ങൾ കൂടുതലും കൊച്ചിയിലും തൃശൂരും
(ജില്ല, താത്കാലികം , സ്ഥിരം രജിസ്ട്രേഷൻ എന്നക്രമത്തിൽ)
എറണാകുളം...............591..........28
തൃശൂർ............................507...........25
ആലപ്പുഴ.........................421...........8
കണ്ണൂർ...........................392.............13
മലപ്പുറം..........................356..............6
തിരുവനന്തപുരം........344.........10
കോഴിക്കോട്..................338............3
കോട്ടയം..........................335...........2
കൊല്ലം............................297..........1
പാലക്കാട്.......................268...........8
പത്തനംതിട്ട.................200..........2
ഇടുക്കി.............................152.........2
വയനാട്..........................128..........5
കാസർകോട്...............78..............0
ആകെ...........................4407...........113
(വിവരാവകാശനിയമ പ്രകാരം സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റിൽ നിന്ന് ലഭിച്ചത്)
...............................................................................
രജിസ്ട്രേഷനില്ലാത്ത ആരോഗ്യ സ്ഥാപനങ്ങൾക്ക് പിഴ .........50,000 മുതൽ 5ലക്ഷംവരെ