ത്യാഗത്തിന്റെ കഥപറഞ്ഞ് സ്ഥാനങ്ങൾ നേടുന്നു : പന്ന്യൻ രവീന്ദ്രൻ

Sunday 06 July 2025 1:33 AM IST

ആലപ്പുഴ: ത്യാഗത്തിന്റെ കഥപറഞ്ഞ് സ്ഥാനമാനങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നവർ രാഷ്ട്രീയത്തിലുണ്ടെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മന്ത്രിയാകാൻ വേണ്ടി മാത്രം വരുന്ന ആളുകളുണ്ട്. പി.എസ്.സി അംഗമായാൽ എത്ര പെൻഷൻ കിട്ടുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. രാഷ്ട്രീയത്തിന്റെ മൂല്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ലേബർ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയ എസ്.കരുണാകരക്കുറുപ്പ് സ്‌മാരക പൊതുപ്രവർത്തക പുരസ്കാരം മന്ത്രി ജെ.ചിഞ്ചുറാണിക്ക് അദ്ദേഹം നൽകി.

പാർട്ടി നേതാക്കൾ സർക്കാർ വണ്ടിയിൽ പോകുന്നത് തെറ്റായ വ്യാഖ്യാനം നൽകുമെന്ന് വെളിയം ഭാർഗവൻ പറഞ്ഞിട്ടുള്ളത് ജനപ്രതിനിധികൾ ഓർക്കണമെന്നും പന്ന്യൻ പറഞ്ഞു. ലേബർ വെൽഫെയർ സൊസൈറ്റി രക്ഷാധികാരി പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.ഡി.സി ചെയർമാൻ പി.വി.സത്യനേശൻ തൊഴിലാളികളെ ആദരിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു, ജില്ലാ പ്രസിഡന്റ് വി.മോഹൻദാസ് എന്നിവർ എസ്.എസ്.എൽ,സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്കാരം നൽകി.