മെഡി. ദുരന്തം മനഃപൂർവമല്ലാത്ത നരഹത്യ: സണ്ണി ജോസഫ്
Sunday 06 July 2025 1:35 AM IST
തലശേരി: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായത് മനഃപൂർവമല്ലാത്ത നരഹത്യയാണെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ന്യായീകരണത്തിന്റെ വ്യഗ്രതയാണ് രക്ഷാപ്രവർത്തനം നീളാൻ കാരണം. മന്ത്രിമാർക്ക് ധാർമ്മികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്. ഇതിനെ എത്ര ന്യായീകരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാലും കേരള ജനത അംഗീകരിക്കില്ല. നിലമ്പൂരിൽ ഷോക്കടിച്ച് ഒരു കുട്ടി മരിച്ചപ്പോൾ വനംമന്ത്രി പറഞ്ഞത് പോലെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി വിഷയത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നത്. സർക്കാർ ചെയ്യേണ്ടത് ചെയ്യാതെ അപകടം പോലും മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.