സ്വകാര്യ ബസുകൾ സമരത്തിലേക്ക്

Sunday 06 July 2025 12:15 AM IST

പത്തനംതിട്ട : സ്വകാര്യ ബസ് സർവീസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർവീസുകൾ നിറുത്തിവച്ച് 8ന് ജില്ലയിൽ സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസ് ഉടമ സംയുക്തസമിതി അറിയിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, ഗതാതാഗത വകുപ്പ് മന്ത്രി, മറ്റു മന്ത്രിമാർ എന്നിവർക്ക് നിവേദനങ്ങൾ നൽകും. കൊവിഡ് കാലം മുതൽ സ്വകാര്യ ബസ് സർവീസ് വലിയ പ്രതിസന്ധിയിലാണ്. ജില്ലയിൽ ഭൂരിഭാഗം സർവീസുകളും നിറുത്തലാക്കി. നിലവിൽ 350 ഓളം സർവീസുകളാണുള്ളത്. മിക്കതും നഷ്ടത്തിലാണ്. ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ ചില റൂട്ടുകളിൽ യാത്രക്കാർ തീരെയില്ല. ദീർഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ എന്നിവയുൾപ്പെടെയുളള സർവീസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാനായി 241 ദീർഘദൂര സൂപ്പർക്ലാസ് സർവീസുകളുടെ പെർമിറ്റുകൾ ഏറ്റെടുത്ത സ്വകാര്യബസുകൾക്ക് അവ പുതുക്കി നൽകാതെയിരിക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു. ബസ് ഉടമ സംയുക്ത സമിതി കൺവീനർ ലാലു മാത്യു, ജോയിന്റ് കൺവീനർ മുഹമ്മദ് ഷാ, പി.ആർ.പ്രമോദ്കുമാർ, എസ്.ഷിബു, എസ്.ഷിജു എന്നിവർ പങ്കെടുത്തു.