പമ്പയ്ക്ക് ഭീഷണയായി മണൽത്തിട്ട

Sunday 06 July 2025 12:29 AM IST

റാന്നി : പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും പൂർണമായി നീക്കം ചെയ്യാത്തത് പമ്പാനദിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. നദിയുടെ പല ഭാഗങ്ങളിലും മണൽതിട്ടകൾ രൂപപ്പെട്ട് പുല്ലുകൾ വളർന്ന് കരയായി മാറുകയാണ്. നദിയുടെ ആഴങ്ങളിൽ ചെളിമണ്ണ് നിറഞ്ഞ് കര രൂപപ്പെടുന്നത് വർഷകാലത്ത് കരകവിയാനും പ്രളയമുണ്ടാകാനുമുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

പെരുനാട് പൂവത്തുംമൂട് കടവ് മുതൽ മുകളിലേക്കുള്ള ഭാഗത്ത് നദിയുടെ ഗതിതന്നെ മാറിയിരിക്കുന്നു. 2018ലെ പ്രളയത്തിൽ ഒഴുകിയെത്തിയ ചെളി ഇവിടെ പാറക്കൂട്ടങ്ങൾക്കിടയിൽ അടിഞ്ഞുകൂടിയത് കരയായി മാറുകയാണ്. വേനൽക്കാലത്ത് പുല്ലുകൾ വളർന്ന ഈഭാഗങ്ങൾ പൂർണമായും കരയായി മാറിയിരിക്കുന്നു. പെരുന്തേനരുവിക്ക് താഴെ നദിയുടെ മദ്ധ്യത്തിൽ നിരവധി തുരുത്തുകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ തുരുത്തുകളിൽ കൂറ്റൻ പാഴ് മരങ്ങൾ ഉൾപ്പെടെ വളർന്നു പടരുകയാണ്. കൂടാതെ, പത്തടിയോളം ഉയരത്തിൽ പുല്ലുകൾ വളർന്നുനിൽക്കുന്നതിനാൽ പുഴയിലിറങ്ങാനും ആളുകൾ ഭയപ്പെടുന്നു. ജലനിരപ്പ് കുറയുന്ന സമയങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികൾക്ക് ഇത്തരം തുരുത്തുകൾ താവളങ്ങളായി മാറുന്നതും ആശങ്ക ഉയർത്തുന്നു. പമ്പാനദിയുടെ സ്വാഭാവിക ഒഴുക്കിനെ സാരമായി ബാധിക്കുന്ന ഈ പ്രതിഭാസം പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണ്. അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്ത് നദിയെ പൂർവസ്ഥിതിയിലാക്കിയില്ലെങ്കിൽ റാന്നി മുതൽ കുട്ടനാട് വരെയുള്ള ജനങ്ങളുടെയും ജീവജാലങ്ങളുടെയും ജീവനാഡിയായ പമ്പാനദി ഓർമ്മ മാത്രമായി മാറിയേക്കാം.

അമൂല്യമായ ജലസ്രോതസുകൾ നശിക്കപ്പെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടണം. പമ്പാനദിക്ക് പുറമെ ചെറിയ കൈത്തോടുകളും നീർച്ചാലുകളും മണ്ണ് അടിഞ്ഞതുമൂലം ഭീഷണി നേരിടുന്നുണ്ട്.

അമൽ , തീരവാസി