സംവിധായിക ആയിഷ സുൽത്താന വിവാഹിതയായി, വരൻ ഡെപ്യുട്ടി കളക്ടർ
ആലപ്പുഴ: ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക ആയിഷ സുൽത്താന വിവാഹിതയായി. ഡൽഹി ഗുരുഗ്രാമിൽ ആർ.കെ.സൈനിയുടെയും ശിഖ സൈനിയുടെയും മകൻ ഹർഷിത്ത് സൈനിയാണ് വരൻ. ഡൽഹി ഡെപ്യൂട്ടി കളക്ടറാണ് ഹർഷിത്ത്. ജൂൺ 20ന് ഡൽഹിയിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്.
ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. ലക്ഷദ്വീപിൽ അന്ത്രോത്ത്, അഗത്തി, കല്പേനി എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടറായിരുന്ന ഹർഷിത്തിനെ രണ്ടുവർഷം മുമ്പാണ് ആയിഷ പരിചയപ്പെട്ടത്. വെറ്ററിനറി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിക്കോയയുടെയും ഹൗവ്വയുടെയും മകളാണ് ആയിഷ. ആയിഷയുടെ ഉമ്മ ഉംറയ്ക്ക് പോയി വന്ന ശേഷം ഡിസംബറിൽ ലക്ഷദ്വീപിലോ കൊച്ചിയിലോ വച്ച് വിവാഹസത്കാരം നടത്തും. ചാനൽചർച്ചയിൽ ജൈവായുധ പരാമർശം നടത്തിയതിന് ആയിഷയ്ക്കെതിരെ രാജ്യദ്റോഹക്കുറ്റം ചുമത്തുകയും വിവാദമാകുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തയായി.