പെരുമൺ - മൺറോത്തുരുത്ത് ജങ്കാർ സർവീസ് വീണ്ടും നിലച്ചു

Sunday 06 July 2025 12:00 AM IST

കൊല്ലം: ജെട്ടിക്ക് സമീപത്തെ തെങ്ങിൻകുറ്റിയിൽ തട്ടി ഫൈബർ ബോഡി തകർന്നതോടെ പെരുമണിൽ നിന്ന് മൺറോത്തുരുത്തിലെ പട്ടംതുരുത്തിലേക്ക് പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ജങ്കാർ സർവീസ് നിറുത്തിവച്ചു. അറ്റകുറ്റപ്പണിക്ക് ശേഷം പേഴുംതുരുത്തിലേക്ക് സർവീസ് ആരംഭിക്കാനാണ് ആലോചന.

നേരത്തെ പെരുമണിൽ നിന്ന് മൺറോതുരുത്തിലെ പേഴുംതുരുത്തിലേക്കായിരുന്നു ജങ്കാർ സർവീസ്. പെരുമൺ - പേഴുംതുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം തുടങ്ങിയതോടെയാണ് സർവീസ് പട്ടംതുരുത്തിലേക്ക് മാറ്റിയത്. പേഴുംതുരുത്തിലേക്കുള്ളതിന്റെ ഇരട്ടി ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാൽ സർവീസ് നിലവിൽ നഷ്ടത്തിലാണ്. ഇതിനിടയിൽ വേലിയിറക്കത്തിൽ കായലിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് അടിത്തട്ടിലുള്ള തെങ്ങിൻകുറ്റികളിൽ തട്ടാൻ തുടങ്ങിയത്. പേഴുംതുരുത്തിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായതിനാൽ അവിടേക്ക് സർവീസ് നടത്തുന്നതിന് നിലവിൽ തടസമില്ല.

ബുധനാഴ്ച രാത്രി എട്ടോടെയാണ് തെങ്ങിൻകുറ്റിയിൽ തട്ടി ജങ്കാറിലെ വള്ളത്തിന്റെ ഫൈബർ ബോഡി തകർന്നത്. വള്ളത്തിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. സർവീസ് നിലച്ചതോടെ മൺറോത്തുരുത്തുകാർ കൊല്ലത്തേക്ക് എത്താനും മടങ്ങാനും കുണ്ടറ വഴി 25 കിലോമീറ്ററിലേറെ ചുറ്റിക്കറങ്ങുകയാണ്. അഞ്ചാലുംമൂട് ഭാഗത്തുള്ളവർ ശാസ്താംകോട്ട ഭാഗത്തേക്ക് പോകാനും കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ്.

പേഴുംതുരുത്തിലേക്ക് സർവീസ് മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചു. ജങ്കാർ ഉടമസ്ഥർ പ്രതിദിനം നൂറ് രൂപ പഞ്ചായത്തിന് ലൈസൻസ് ഫീസ് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്. എന്നാൽ ഒരു രൂപ പോലും അടച്ചിട്ടില്ല. പഞ്ചായത്തിന് വരുമാനം ലഭിക്കാത്തതിനാൽ ചെലവാക്കിയ തുക ഓഡിറ്റിൽ തടസപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ടും സ്റ്റോപ്പ് മെമ്മോ നൽകിയിട്ടില്ല.

കെ. രാജശേഖരൻ,

പഞ്ചായത്ത് പ്രസിഡന്റ്, പനയം