പ്രതിഷേധ മാർച്ചിനിടെ സംഘർഷം; ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്

Sunday 06 July 2025 12:56 AM IST
ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ

കുന്നത്തൂർ: ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജിയും താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, ഡി.സി.സി എക്സിക്യുട്ടീവ് അംഗം തുണ്ടിൽ നൗഷാദ്, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് ആരോമൽ, ജനറൽ സെക്രട്ടറി ഐ.സി.എസ് അബ്ദുള്ള, സത്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ലാത്തിച്ചാർജിൽ ഇവർക്ക് തലയ്ക്കും കൈകാലുകൾക്കും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേറ്റു. ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രി കവാടത്തിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചത് പൊലീസുമായി നേരിയ സംഘർഷത്തിന് കാരണമായി. എന്നാൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും പ്രതിഷേധ യോഗത്തോടെ പരിപാടി സമാപിക്കുകയും ചെയ്തു.