പതിവുതെറ്റാതെ പാത്തുമ്മയും സുഹറയും മജീദും ... ഓർമ മരമായി സുൽത്താന്റെ മാങ്കോസ്റ്റിൻ

Sunday 06 July 2025 12:02 AM IST
വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റി​ന്റെ​ 31ാം​ ​ച​ര​മ​വാ​ർ​ഷി​ക​ ​ദി​ന​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ബേ​പ്പൂ​ർ​ ​വൈ​ലാ​ലി​ലെ​ ​വീ​ട്ടി​ൽ​ ​ബി.​ടി.​എം​ ​ഒ​ ​യു.​പി​ ​സ്കൂ​ളി​ൽ​ ​നി​ന്ന് ​കൊ​ണ്ടു​വ​ന്ന​ ​ആ​ടി​നെ​ ​ഓ​മ​നി​ക്കു​ന്ന​ ​കു​ട്ടി​കൾ ഫോട്ടോ :കെ.​വി​ശ്വ​ജി​ത്ത്

കോഴിക്കോട് : സുഹറയും മജീദും കേശവൻ നായരും സാറാമ്മയും ആനവാരി രാമൻ നായരുമെല്ലാം ഒരിക്കൽ കൂടി

മാങ്കോസ്റ്റിൻ ചുവട്ടിലെത്തി, തങ്ങളുടെ പ്രിയപ്പെട്ട സ്രഷ്ടാവിന്റെ ഓർമകളുമായി. അണ്ഡകടാഹത്തിലെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് പ്രഖ്യാപിച്ച കഥാകാരന്റെ വീട്ടിലേക്ക് ആടുമാണ് പാത്തുമ്മയെത്തിയത്. വെെക്കം മുഹമ്മദ് ബഷീറിന്റെ 31 -ാംചരമ വാർഷിക ദിനത്തിൽ വെെലാലിൽ വീട്ടിലെത്തിയവർക്കെല്ലാം ബഷീർ കഥാപാത്രങ്ങൾ ആവേശക്കാഴ്ചയായി . ഉദ്ഘാടകനായി ടൂറിസംമന്ത്രി പി.എ മുഹമ്മദ് റിയാസെത്തിയപ്പോൾ കുട്ടികഥാപാത്രങ്ങൾക്കും സന്തോഷം. വെെലാലിൽ വീട്ടുമുറ്റത്തിട്ട പന്തലും സ്റ്റേജും നിറഞ്ഞ് റോഡിൽ വരെ ആളുകളായിരുന്നു. കോഴിക്കോട്ടെയും മലപ്പുറത്തെയും സ്കൂളുകളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് ഇവിടേക്കെത്തിയത്. സാഹിത്യ ലോകത്തെ വർണ വ്യവസ്ഥകൾ തിരുത്തിക്കുറിച്ച രചനകളായിരുന്നു ബഷീറിന്റേതെന്ന് ബഷീർ അനുസ്മരണം ഉദ്ഘാടനം ചെയ്ത മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തന്റേതുമാത്രമായ വാക്കുകളിലൂടെയും പ്രയോഗങ്ങളിലൂടെയും ഗഹനമായ ജീവിത നിരീക്ഷണങ്ങളാണ് ബഷീർ പറഞ്ഞുവെച്ചത്. മലയാളിയുടെ മതനിരപേക്ഷത ബോധമുണർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചവയാണ് ബഷീർ കൃതികളെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ പി.കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. രവി ഡി.സി, മനോജ്.കെ ദാസ്, അനീസ് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

ബഷീർ സ്മാരകം ജനുവരിയിൽ

പൂർത്തിയാകും : മന്ത്രി റിയാസ്

കോഴിക്കോട് : ഏറെ നാളായുള്ള കോഴിക്കോട്ടുകാരുടെ ആഗ്രഹമായ ബഷീർ സ്മാരകം ജനുവരിയോടെ പൂർത്തിയാകുമെന്ന്

മന്ത്രി പി. എ മുഹമ്മദ് റിയാസ്. ഏഴ് കോടി 70 ലക്ഷം രൂപ ചെലവിലാണ് സ്മാരകത്തിന്റെ ആദ്യ ഘട്ട പ്രവൃത്തികൾ പൂർത്തിയാക്കുന്നത്. സാഹിത്യ സമ്മേളനങ്ങൾ നടത്താനുള്ള കോൺഫറൻസ് ഹാൾ, ലിറ്റററി കഫേ, ഓപ്പൺ സ്റ്റേജ്, ലാന്റ്സ്കേപ്പിംഗ് എന്നിവ ആദ്യഘട്ട പ്രവൃത്തികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണം, ബഷീർ മ്യൂസിയം, ലെെബ്രറി, ആംഫി തിയറ്റർ, അക്ഷരത്തോട്ടം എന്നിവയും തയ്യാറാക്കും. ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് വെെലാലിൽ വീട്ടിലും ബഷീർ സ്മാരകത്തിലും '' ബഷീർ ഉത്സവം'' എന്ന പേരിൽ വിപുലമായ പരിപാടികൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.