അലിമുക്കിൽ വാഴക്കുല ലോറി ബാർബർ ഷോപ്പിലേക്ക് ഇടിച്ചുകയറി

Sunday 06 July 2025 12:05 AM IST
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഴക്കുല കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് പാതയോരത്ത് ഇടിച്ച് കയറിയ നിലയിൽ.

പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അലിമുക്കിൽ ഇന്നലെ പുലർച്ചെ അഞ്ചോടെ വാഴക്കുല കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് സമീപത്തെ ബാർബർ ഷോപ്പിലേക്ക് ഇടിച്ചുകയറി. ഭാഗ്യംകൊണ്ട് വൻ അപകടം ഒഴിവായി. തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ലോറിയാണ് ഹൈമാസ്റ്റ് ലൈറ്റും പാതയോരത്തെ കൈവരികളും തകർത്ത് കടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഡ്രൈവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെടാനായി. ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിൽ വീണതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കി കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.