കുടുംബശ്രീ മാട്രിമോണി പൂട്ടിൽ കുടുങ്ങി
കൊല്ലം: മിതമായ നിരക്കിൽ മികച്ച സേവനം ലക്ഷ്യമിട്ട് ആരംഭിച്ച കുടുംബശ്രീ മാട്രിമോണിക്ക് ജില്ലയിൽ പൂട്ടുവീണ് വർഷങ്ങളായിട്ടും തുറക്കാൻ നടപടിയില്ല. കൊവിഡ് കാലത്താണ് താത്കാലികമായി നിറുത്തിയത്. രണ്ടുമാസത്തിന് ശേഷം വീണ്ടും തുറക്കാൻ ശ്രമം നടത്തിയെങ്കിലും പൂർണമായി അടച്ചുപൂട്ടുകയായിരുന്നു.
നടത്തിപ്പുകാർ നിറുത്തിയപ്പോൾ പിന്നീട് ആളെ ലഭിക്കാതെ വന്നതും പ്രതീക്ഷിച്ച വരുമാനം നേടാൻ കഴിയാഞ്ഞതുമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ വിളക്കുടി അമ്പലം ജംഗ്ഷനിലെ വാടക കെട്ടിടത്തിലായിരുന്നു ജില്ലയിലെ ഏക കുടുംബശ്രീ മാട്രിമോണി ബ്യൂറോ പ്രവർത്തിച്ചിരുന്നത്.
കുടുംബശ്രീ പദ്ധതിയായ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ കീഴിലായിരുന്നു പ്രവർത്തനം. 2016ൽ തൃശൂർ ജില്ലയിലെ പോർക്കുളത്ത് സിന്ധു ബാലൻ എന്ന കുടുംബശ്രീ സംരംഭക മുന്നോട്ട് വച്ച ആശയമാണിത്. തൃശൂരിന് ശേഷം സംരംഭം ആരംഭിക്കുന്ന രണ്ടാമത്തെ ജില്ലയായിരുന്നു കൊല്ലം. ജാതിമത ഭേദമന്യേ ഏവർക്കും പദ്ധതിയിൽ പങ്കാളികളാകാമായിരുന്നു. എന്നിട്ടും പച്ചപിടിക്കും മുമ്പേ പൂട്ടുവീഴുകയായിരുന്നു.
വരുമാനം ചതിച്ചു
വരുമാനം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു
സ്വകാര്യ മാട്രിമോണി വെബ്സൈറ്റുകളെ അപേക്ഷിച്ച് സാമ്പത്തികമായി ഏറെ ലാഭകരം
പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ ഫീസ് സൗജന്യം
ആൺകുട്ടികൾക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ഫീസ്
സമഗ്രമായ അന്വേഷണത്തിന് ശേഷമേ വിവരങ്ങൾ കൈമാറൂ
ആരംഭിച്ചത്
2018 നവംബറിൽ
ഒരു വർഷത്തേക്ക് രജിസ്ട്രേഷൻ ഫീസ് (ആൺകുട്ടികൾക്ക്)
യോഗ്യത-പത്താം ക്ലാസ് ₹ 500
പ്ലസ്ടു ₹ 750
ഡിഗ്രിക്ക് മുകളിൽ ₹1000
കുടുംബശ്രീ മാട്രിമോണി വീണ്ടും സജീവമാക്കാനുള്ള ചർച്ചകൾ കഴിഞ്ഞവർഷം നടന്നിരുന്നു. എന്നാൽ കാര്യമായ പുരോഗമനം ഉണ്ടായില്ല.
കുടുംബശ്രീ അധികൃതർ