മെഡിക്കൽ വികസനത്തിന് 1.23ലക്ഷം കോടി ചെലവഴിക്കും: കേന്ദ്രമന്ത്രി എൽ.മുരുകൻ
തിരുവനന്തപുരം: മെഡിക്കൽ അടിസ്ഥാന സൗകര്യത്തിനായി കേന്ദ്രസർക്കാർ 1.23 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്രസഹമന്ത്രി ഡോ. എൽ.മുരുഗൻ പറഞ്ഞു. ശ്രീ ഉത്രാടം തിരുനാൾ അക്കാഡമി ഒഫ് മെഡിക്കൽ സയൻസസിന്റെ 14-ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുവർഷം കൊണ്ട് 10 ലക്ഷം കോടി രൂപ ചെലവഴിച്ചു. 2014ന് മുൻപ് 387 മെഡിക്കൽ കോളേജുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇന്നത് 750ലധികമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ എന്ന രീതിയിൽ നവീകരിച്ച് സമഗ്ര ചികിത്സാ സൗകര്യം ഉറപ്പാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു. എസ്.യു.ടി അക്കാഡമി ഒഫ് മെഡിക്കൽ സയൻസസ് ചെയർമാൻ ഡോ. എ.സി.ഷൺമുഖം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ വിശിഷ്ടാതിഥിയായി.