പണിമുടക്ക്‌ സമ്പൂർണമാകും: എളമരം കരീം

Sunday 06 July 2025 1:10 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്‌ത അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമാകുമെന്ന് സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എട്ടിന്‌ അർദ്ധരാത്രി മുതൽ ഒമ്പതിന്‌ അർദ്ധരാത്രിവരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൽ.പി.എഫ്‌, യു.ടി.യു.സി, എച്ച്‌.എം.എസ്‌, സേവ, ടി.യു.സി.ഐ, എൻ.എൽ.സി, ടി.യു.സി.സി, എൻ.എൽ.സി, ടി.യു.സി.സി, ജെ.എൽ.യു, എൻ.എൽ.യു, കെ.ടി.യു.സി എസ്‌, കെ.ടി.യു.സി എം, ഐ.എൻ.എൽ.സി, എൻ.ടി.യു.ഐ, എച്ച്‌.എം.കെ.പി തുടങ്ങിയ ട്രേഡ്‌ യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും. തൊഴിലാളികൾ ഒമ്പതിന്‌ സംസ്ഥാനത്തെ 1020 സമര കേന്ദ്രങ്ങളിൽ ഒത്തുചേരും. തലസ്ഥാനത്ത്‌ പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവനു മുന്നിൽ കൂട്ടായ്‌മയും സംഘടിപ്പിക്കും. കെ.എൻ. ഗോപിനാഥ്‌, സി. ജയൻബാബു, ടോമി മാത്യു, സോണിയ ജോർജ്‌, സജിത്‌ ലാൽ, കവടിയാർ ധർമ്മൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.