സഹായം കിട്ടിയവർ സഹായം നൽകിയില്ല: കെ.മുരളീധരൻ

Sunday 06 July 2025 1:15 AM IST

തിരുവനന്തപുരം: ലീഡർ കെ.കരുണാകരൻ സ്മാരക മന്ദിരത്തിന്, അദ്ദേഹത്തിനെക്കൊണ്ട് ഉപകാരമുണ്ടായവരിൽ നിന്ന് സഹായമുണ്ടായില്ലെന്ന് മകനും ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡന്റുമായ കെ.മുരളീധരൻ പറഞ്ഞു. കെ.കരുണാകരൻ സെന്ററിന്റെ നിർമ്മാണത്തിനുള്ള കുറ്റിയിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മന്ദിര നിർമ്മാണത്തിനായി ഫണ്ട് ശേഖരണം നടത്തിയപ്പോൾ ഫണ്ട് നൽകിയ ജില്ല കമ്മിറ്റികളും നൽകാത്ത കമ്മിറ്റികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരുണാകരന്റെ കർമ്മമണ്ഡലങ്ങളായിരുന്ന ജില്ലകളിലെ കമ്മിറ്റികളിൽ നിന്ന് ഒന്നും കിട്ടിയില്ല. തിരുവനന്തപുരം ഡി.സി.സി 82 ലക്ഷം രൂപ നൽകി. കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് ആയപ്പോഴാണ് പദ്ധതിക്ക് ചലനമുണ്ടായത്. ലീഡറുടെ 108 -ാമത് ജന്മദിനത്തിൽ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കും.

ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷനായി. പി.സി.വിഷ്ണുനാഥ് എം.എൽ.എ, വി.എസ്.ശിവകുമാർ,പന്തളം സുധാകരൻ, എം.ലിജു, ജി.സുബോധൻ,ജി.എസ്.ബാബു, പീതാംബരക്കുറുപ്പ്, എൻ.ശക്തൻ, ശരത്ചന്ദ്ര പ്രസാദ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഡ്വ.ഇബ്രാഹിം കുട്ടി കല്ലാർ എന്നിവർ പങ്കെടുത്തു. ഫൗണ്ടേഷന്റെ ചെയർമാനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചുമതലയേൽക്കും.

ഏഴ് നിലകൾ, 58,507 ചതുരശ്ര അടി

നന്ദാവനം ബിഷപ്പ് പെരേരാ ഹാളിനു എതിർവശത്തായി ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്താണ് നിർമ്മാണം.ഏഴ് നിലകളിലായി 58,507 ചതുരശ്ര അടി വിസ്തീർണമുണ്ടാവും. കോൺഫറൻസ് ഹാൾ, ലീഡർഷിപ്പ് ട്രെയിനിംഗ് സെന്റർ,രോഗികൾക്കുള്ള ഹെല്പ് ഡെസ്ക്, റഫറൻസ് ലൈബ്രറി,ചിത്ര രചന ഇൻസ്റ്റിറ്റ്യൂട്ട്,പഠന ഗവേഷണ കേന്ദ്രം എന്നിവയടക്കം ആധുനിക സജ്ജീകരണങ്ങളുണ്ടാവും. 15 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും. 23 കോടിയാണ് ചെലവ്. സ്ട്രിയ ആർക്കിടെക്ട് ആണ് രൂപകല്പന.ഹെതർ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണച്ചുമതല.