ഇനി ധൈര്യമായി വാങ്ങാം, മലയാളികളുടെ പ്രിയപ്പെട്ട മത്സ്യത്തിന്റെ വില കുത്തനെ കുറഞ്ഞു

Sunday 06 July 2025 3:16 AM IST

ആലപ്പുഴ: 12 വർഷത്തിനുശേഷം കേരള തീരത്ത് വലിയ മത്തി ലഭ്യമായി തുടങ്ങി. കാലാവസ്ഥ വ്യതിയാനംമൂലം മത്തി ലഭ്യത മുൻവർഷങ്ങളിൽ കുറഞ്ഞിരുന്നു. ലഭിക്കുന്ന മത്തിക്കാകട്ടെ വലിപ്പവും കുറവായിരുന്നു. ഇപ്പോൾ മത്സ്യബന്ധനത്തിന് പോകുന്ന പരമ്പാരഗത മത്സ്യത്തൊഴിലാളികൾക്ക് 14സെന്റീമീറ്റർ വരെ വലിപ്പമുള്ള മത്തി ലഭിക്കുന്നുണ്ട്. ഒരാഴ്ച മുമ്പ് 470 രൂപയ്ക്കായിരുന്നു ഒരു കിലോ മത്തിയ്ക്ക് വില. ഇന്നലെ ഇത് 300 രൂപയായി കിറഞ്ഞു. താപനില ഉയർന്നപ്പോൾ മത്തിയുടെ പ്രധാന ആഹാരമായ സസ്യ പ്ലവകങ്ങളും ഇല്ലാതെയായിരുന്നു.

ഈ ഏപ്രിൽമുതൽ നന്നായി മഴ ലഭിച്ചതോടെ മത്തിയ്ക്ക് ആഹാരം ലഭിച്ചുതുടങ്ങി. ഇതാണ് വലിപ്പമുള്ള മത്തി എത്താൻ കാരണമായത്. കേരളത്തിൽ മത്തി ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടിലെ രാമേശ്വരം, കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് മത്തി എത്തിച്ചിരുന്നത്. ഇവിടങ്ങളിൽ മത്തിക്ക് ആവശ്യക്കാർ കുറവാണ്. പ്രതിവർഷം ഒമ്പതേകാൽ ലക്ഷം ടൺ മത്സ്യമാണ് കേരളത്തിനാവശ്യം. ഇതിൽ 6.5 ലക്ഷം ടൺ മാത്രമായിരുന്നു കേരളതീരത്തുനിന്ന് ലഭിക്കുന്നത്. ബാക്കി തമിഴ്നാട്, ആന്ധ്ര, ഒഡിഷ, ഗോവ തീരങ്ങളിൽ നിന്നാണെത്തുന്നത്.

വില കുറയുമെന്ന് മത്സ്യത്തൊഴിലാളികൾ

 കടലിലെ താപനില വർദ്ധിച്ചത് മത്തിയെ ദോഷകരമായി​ ബാധിച്ചിരുന്നു

 28 ഡിഗ്രി സെൽഷ്യസ് ചൂടാണ് മത്തിക്ക് പരമാവധി താങ്ങാനാവുന്നത്

 എന്നാൽ കടലിൽ 32 ‌ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തിയിരുന്നു

 ഇത് മത്തി കൂട്ടത്തോടെ ഉൾക്കടലിലേക്ക് പി​ൻവലി​യാൻ കാരണമായി

 താപനില ഉയർന്നതോടെ മത്തിയുടെ ആഹാരമായ സസ്യ പ്ലവകങ്ങളും ഇല്ലാതെയായി  ആഹാരം കിട്ടാതായതാണ് മത്തിയുടെ വലിപ്പം കുറയാൻ ഇടയാക്കിയത്

പ്ളവകങ്ങൾ

ആഴക്കടലിൽ കാണപ്പെടുന്ന സൂക്ഷ്മ ജീവികളുടെയും സൂക്ഷ്മ സസ്യങ്ങളുടെയും സമൂഹങ്ങളാണു പ്ലവകങ്ങൾ. കടലിന്റെ അടിത്തട്ടിൽ വെളിച്ചമില്ലാത്ത മേഖലകളിൽ വളരുന്ന ഇവയ്ക്കു സ്വയം പ്രകാശിക്കാൻ സാധിക്കും. മത്സ്യങ്ങളുടെയും മറ്റു കടൽ‌ജീവികളുടെയും പ്രധാന ഭക്ഷണമാണ് പ്ലവകങ്ങൾ

കേരള തീരത്ത് നിന്ന് മത്തി കൂടുതൽ ലഭിച്ചതോടെ വില കുറഞ്ഞു തുടങ്ങി . മത്തിയുടെ വില ഇനിയും കുറയുമെന്നാണ് പ്രതീക്ഷ

ചാൾസ് ജോർജ്, സംസ്ഥാന പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഐക്യവേദി