കാട്ടിൽ നിന്നുമെത്തിയ പഴം ഇപ്പോൾ നാട്ടിലെ താരം,​ കിലോയ്ക്ക് വില 300 രൂപ

Sunday 06 July 2025 4:23 AM IST

കല്ലറ: ഉൾക്കാടുകളിൽ വിളഞ്ഞിരുന്ന മുട്ടിക്ക ഇപ്പോൾ നാട്ടിലും താരം.മുട്ടിപ്പഴം,മുട്ടിപ്പുളി,മുട്ടികായൻ,കുന്ത പഴം എന്നീ പേരുകളിൽ അറിയപ്പെടുന്ന വനവിഭവമാണ് മുട്ടിക്ക.

ഭരതന്നൂർ,പാലോട്,മടത്തറ കാടുകളിൽ സുലഭമായിരുന്ന ഇവയ്ക്ക് സമീപകാലത്ത് ആവശ്യക്കാർ ഏറിയതോടെ വീട്ടുമുറ്റത്തും വച്ച് പിടിപ്പിക്കാൻ തുടങ്ങി. പശ്ചിമഘട്ടത്തിൽ തനത് സ്പീഷ്യസിൽപ്പെട്ട അപൂർവ മരമാണ് ഇത്. പഴം മൂട് വരെ കായ്ക്കുന്നതുകൊണ്ടാണ് മുട്ടിക്ക എന്ന പേര് വന്നത്.

മലയണ്ണാൻ,കുരങ്ങ്,കരടി എന്നിവരുടെ ഇഷ്ടഭക്ഷണമാണ് മുട്ടിപ്പഴം.ആദിവാസികളായിരുന്നു ഇത് ശേഖരിച്ച് നാട്ടിൽ എത്തിച്ചിരുന്നത്.കട്ടിയുള്ള തോട് പൊട്ടിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക. വൃക്ഷത്തിന്റെ തടിയിലാണ് ഫലമുണ്ടാകുന്നതെന്നാണ് മറ്റൊരു പ്രത്യേകത.ഇപ്പോൾ ഇതിന്റെ തൈകൾ നഴ്സറികളിലും ലഭ്യമാണ്.

കിലോയ്ക്ക് 300 രൂപ വരെ മുട്ടിപ്പഴത്തിന് വിലയുണ്ട്.ചെറു മധുരവും ചെറു പുളിയുമുള്ള ഇവ ഏറെ ഔഷധ ഗുണമുള്ളതാണ്.ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് തടിയിൽ തണ്ടു പോലെ വന്ന് പൂക്കുന്നത്.ജൂൺ, ജൂലായ് മാസങ്ങളിൽ പഴമാകും.