ഇത് ഇന്ത്യയിൽ നോർമലാണ്, മറ്റുള്ളവർക്ക് ക്രിഞ്ചിയായി തോന്നാം; ഇന്ത്യക്കാരനെ വിവാഹം കഴിച്ച റഷ്യൻ യുവതിക്ക് പറയാനുള്ളത്
ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ബംഗളൂരുവിൽ താമസിക്കുന്ന ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് താൻ സാധാരണമായി കാണുന്നതും എന്നാൽ പുറത്തുള്ളവർക്ക് ക്രിഞ്ചിയായി തോന്നുകയും ചെയ്യുന്ന എട്ട് കാര്യങ്ങളാണ് യൂലിയ എന്ന സ്ത്രീ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്.
റഷ്യയിലെ ജോലി ഉപേക്ഷിച്ച് 11 വർഷം മുമ്പാണ് യൂലിയ ഇന്ത്യയിലേക്ക് താമസം മാറിയത്. ഇന്ത്യയിൽ ഒരു കുടുംബവും പുതിയൊരു ബിസിനസും കെട്ടിപ്പെടുത്താൻ അവർക്ക് സാധിച്ചു. ഇവിടത്തെ ചില കാര്യങ്ങൾ ആദ്യം തന്നെ അത്ഭുതപ്പെടുത്തിയെങ്കിലും ഇപ്പോൾ അത് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെന്ന് യൂലിയ പറയുന്നു.
പുറത്തുനിന്നുള്ളവർക്ക് വിചിത്രമായി തോന്നുന്ന ഈ രീതികളെല്ലാം തന്റെ ദിനചര്യയിൽ ആശ്വാസവും സന്തോഷവും കൊണ്ടുവന്നതായി യൂലിയ പറയുന്നു. ഭർത്താവിന്റെ ബന്ധുക്കളോടൊപ്പം താമസിക്കുന്നതിന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് അവർ വീഡിയോ ആരംഭിച്ചത്. തുടക്കത്തിൽ ഇത് അസാധാരണമായി തോന്നിയെങ്കിലും ഇപ്പോൾ അതൊരു അനുഗ്രഹമായി അവർ കാണുന്നു.
അവർ പറഞ്ഞ എട്ട് കാര്യങ്ങൾ
- ഭർത്താവിന്റെ മാതാപിതാക്കളുടെ കൂടെ ജീവിക്കുക, അതൊരു അനുഗ്രഹമാണ് (കുറഞ്ഞപക്ഷം എനിക്ക്, വീട്ടിലെ കാര്യങ്ങൾ ഒന്നും ചെയ്യേണ്ടിവരുന്നില്ല).
- കൈകൊണ്ട് ഭക്ഷണം കഴിക്കുക. കൈകൊണ്ട് കഴിക്കുന്നതാണ് പലപ്പോഴും കൂടുതൽ രുചികരം ( അതൊരു ശാസ്ത്രീയ വസ്തുത കൂടിയാണ്).
- എന്തും അൽപ്പം വൈകിയേ പറ്റൂ. ആളുകൾ 15 - 20 മിനിറ്റ് വൈകിയേക്കാമെങ്കിലും എനിക്ക് കുഴപ്പമില്ല.
- എല്ലാ കാര്യം ചെയ്യാനും വീട്ടുജോലിക്കാർ ഉണ്ടാകും. തുടക്കത്തിൽ, എനിക്ക് അത് വിചിത്രമായി തോന്നി. പക്ഷേ നിങ്ങൾക്കറിയാമോ. ഇത്തരമൊരു സൗകര്യം തേടുന്നതും അൽപ്പം മടിയനാകുന്നതും മനുഷ്യ പ്രകൃതമാണ്.
- ഒരേ സമയം ഹിന്ദിയും ഇംഗ്ലീഷുമെല്ലാം സംസാരിക്കും. ' ഹിംഗ്ലീഷിലെ' അർത്ഥം എനിക്ക് മനസിലാകും. അധികം വൈകാതെ തന്നെ ഞാൻ ഹിന്ദി പഠിക്കും.
- എല്ലാ കാര്യത്തിനും ചർച്ച നടത്തും. ഇന്ത്യയിൽ ബിസിനസ് കാര്യങ്ങൾ മാത്രമല്ല ഇവിടെ ചർച്ച ചെയ്യുക, മറ്റു പല കാര്യങ്ങളും ചർച്ച ചെയ്യും.
- പാലും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ചായ ഉണ്ടാക്കും.
- പ്രണയത്തിനു വേണ്ടി ജീവിതം സമർപ്പിക്കുക. ഇന്ത്യക്കാർക്ക് അവരുടെ രാജ്യം എന്നത് വളരെ ഇമോഷണലാണ്. എനിക്ക് അത് അതിശയകരമായി തോന്നുന്നു.
യൂലിയ പറഞ്ഞ കാര്യങ്ങളിൽ ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിനാളുകളാണ് കമന്റ് ചെയ്തത്. ദശലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടു. 'ആദ്യത്തേത് ഒഴികെ മറ്റെല്ലാ കാര്യങ്ങളെയും ഞാൻ പിന്തുണയ്ക്കുന്നു. അത് ഒരാൾ ആരെയാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കുന്നു,' ഒരാൾ കമന്റ് ചെയ്തു. 'ആദ്യത്തെ കാര്യം ഇന്ത്യൻ വീടുകളിൽ അപൂർവമാണ് (ഭർതൃവീട്ടുകാർ വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിക്കാറില്ല എന്നത്). നിങ്ങൾ വളരെ ഭാഗ്യവാനാണ്, നിങ്ങൾ തീർച്ചയായും ഒരു നല്ല കുടുംബത്തെ തിരഞ്ഞെടുത്തു' മറ്റൊരാൾ അഭിപ്രായപ്പെട്ടു.