പ്രതിഷേധങ്ങൾക്കിടെ കാളികാവിൽ കുടുങ്ങിയ കടുവയെ മാറ്റി, ആരോഗ്യപരിശോധനയ്ക്ക്  ശേഷം  തുടർനടപടി

Sunday 06 July 2025 12:45 PM IST

മലപ്പുറം: കാളികാവിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളി ഗഫൂർ അലിയെ (44) കൊലപ്പെടുത്തി ഭക്ഷിച്ച കടുവയെ പിടികൂടി മാറ്റി. വനംവകുപ്പ് വച്ച കെണിയിൽ ഇന്ന് രാവിലെയാണ് നരഭോജി കടുവയെ കണ്ടത്. സംഭവത്തിന് ശേഷം 53-ാം ദിവസമാണ് കടുവ കെണിയിൽ അകപ്പെട്ടത്. കടുവയെ മാറ്റാൻ സമ്മതിക്കാതെ നാട്ടുകാർ കെണിയ്ക്ക് ചുറ്റും കൂടിയിരുന്നു.

പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കടുവയെ സ്ഥലത്ത് നിന്ന് മാറ്റാനായത്. അമരമ്പലത്തേക്കാണ് കൊണ്ടുപോയത്. വിശദമായ ആരോഗ്യപരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ മേയ് 15നാണ് ചോക്കാട് കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂറിനെ കടുവ പിടിച്ചത്.

കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നും വനം വകുപ്പ് സംരക്ഷണത്തിൽ സൂക്ഷിച്ചശേഷം വിദഗ്ധാഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി സംസ്ഥാനം തയ്യാറാക്കിയ കരട് പരിശോധനയ്ക്കായി അയച്ചു. അതിന്റെ മറുപടി പരിശോധിച്ചശേഷം തുടർനടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്ത കാലത്തുണ്ടായതിൽ വച്ച് ഏറ്റവും വലിയ കടുവ ദൗത്യം എന്നാണ് അധികൃതർ ഇതിനെ പറയുന്നത്. ഈ കടുവയെ പിടികൂടാനായി മേയ് അവസാനത്തോടെ വച്ച കൂട്ടിൽ ഒരു പുലി കുടുങ്ങിയിരുന്നു. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

സുഹൃത്തായ അബ്‌ദുൾ സമദ് കണ്ടുനിൽക്കെയാണ് കടുവ ഗഫൂറിനുമേൽ ചാടിവീണ് കഴുത്തിന് പിന്നിൽ കടിച്ചുവീഴ്‌ത്തി വലിച്ചിഴച്ച് കൊണ്ടുപോയി കൊന്നുതിന്നത്. തുടർന്ന് പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർടി സംഘങ്ങളായി കടുവയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയും കൂട് സ്ഥാപിക്കുകയുമായിരുന്നു. ലൈവ് സ്‌ട്രീമിംഗ് ക്യാമറകൾ, ഡ്രോണുകൾ, മൂന്ന് കൂടുകൾ എന്നിവ പ്രദേശത്ത് സ്ഥാപിച്ചു. രണ്ട് കുങ്കി ആനകൾ, മൂന്ന് വെറ്ററിനറി ഡോക്‌ടർമാർ എന്നിവരും ദൗത്യത്തിന്റെ ഭാഗമായിരുന്നു.