'ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിൽ'; പ്രതികരിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ ഹരിയാനയിലെ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അവർ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തി നടത്തിയിരുന്ന വ്യക്തിയാണ് എന്ന് അറിഞ്ഞിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യദ്രോഹം ചെയ്തയാളെ ബോധപൂർവം സർക്കാർ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോയെന്നും അപവാദപ്രചാരണങ്ങളെ ഭയക്കുന്നില്ലെന്നും റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി മൽഹോത്ര കേരളത്തിലെത്തിയതെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ടൂറിസം വകുപ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയുമുണ്ട്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിൽ ജ്യോതി മൽഹോത്ര കേരള സർക്കാരിന്റെ ചെലവിലാണ് യാത്ര ചെയ്‌തത്. 2024 ജനുവരി മുതൽ 2025 മേയ് വരെ ടൂറിസം വകുപ്പിനായി പ്രൊമോഷൻ നടത്തിയ വ്ലോഗർമാരുടെ പട്ടികയാണ് പുറത്തുവന്നത്. 33കാരിയായ ജ്യോതി മുമ്പ് പലതവണ പാകിസ്ഥാൻ സന്ദർശിച്ചതായി തെളിഞ്ഞു. പാകിസ്ഥാനിലെ ഇന്റലിജൻസ് വിഭാഗവുമായി ബന്ധം പുലർത്തിയതായും വിവരം ലഭിച്ചു. പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനുമായി ജ്യോതി ബന്ധം പുലർത്തിയിരുന്നു. ഇതേത്തുടർന്ന് ഈ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തിരുന്നു.
'ട്രാവൽ വിത്ത് ജോ' എന്നതാണ് ജ്യോതിയുടെ യൂട്യൂബ് ചാനൽ. ജ്യോതിയുടെ വീഡിയോകളിൽ ഏറെയും പാകിസ്ഥാനിൽ നിന്നുമുള്ളതാണ്. ആകെ 487 വീഡിയോ 'ട്രാവൽ വിത്ത് ജോ' എന്ന ചാനലിലുണ്ട്. മിക്ക വീഡിയോയും പാകിസ്ഥാൻ, തായ്‌ലാൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്‌ചകളാണ്. കേരള സാരി അണിഞ്ഞ് കണ്ണൂരിലെത്തിയ ജ്യോതി തെയ്യം കാണുന്നതിന്റെ വീഡിയോ നേരത്തേ വൈറലായിരുന്നു.