തിരുവനന്തപുരത്ത് ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

Sunday 06 July 2025 5:28 PM IST

തിരുവനന്തപുരം: ഗർഭിണിയുമായി പോയ ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം അമ്പലത്തിങ്കരയിലാണ് അപകടം നടന്നത്. കടയ്ക്കാവൂരിൽ നിന്ന് എസ്എടി ആശുപത്രിയിലേക്ക് ഗ‌ർഭിണിയുമായി പോയ ആംബുലൻസാണ് നിയന്ത്രണംവിട്ട് രണ്ടുവാഹനങ്ങളിൽ ഇടിച്ചത്. ആംബുലൻസിന് മുന്നിൽപോയ കാർ വലത്തോട്ട് തിരിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

മുന്നിലെ കാറിലിടിച്ച ആംബുലൻസ് നിയന്ത്രണംവിട്ട് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഗർഭിണിയായ യുവതിയെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരിക്കുകളെ ഉള്ളൂവെന്നാണ് വിവരം.