സഭയുടെ ഭൂമി കൈക്കലാക്കിയെന്ന് കേസ്, പ്രതിപ്പട്ടികയിൽ റെവന്യൂ സെക്രട്ടറി മുതൽ എറണാകുളം കളക്ടർ വരെ
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ 67 സെന്റ് സ്ഥലം വ്യാജരേഖ ചമച്ച് കൈക്കലാക്കിയെന്ന പരാതിയിൽ റവന്യൂ സെക്രട്ടറിയും എറണാകുളം ജില്ലാ കളക്ടറുമടക്കം 19 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. പ്രതിപ്പട്ടികയിൽ ഒൻപത് പേർ സ്ഥലം സ്വന്തമാക്കിയവരാണ്. തൃപ്പൂണിത്തുറ ലാൻഡ് റെവന്യൂ സ്‌പെഷ്യൽ തഹസിൽദാരാണ് കേസിലെ ഒന്നാം പ്രതി.
സംഭവം നടന്ന 2011 കാലയളവിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിലവിൽ ആരോപണമുനയിൽ. കോടതി നിർദ്ദേശപ്രകാരം ഈ മാസം രണ്ടിന് രജിസ്റ്റർ ചെയ്ത കേസിൽ ഏലൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
2011ൽ രണ്ടാം പ്രതിയായ മഞ്ഞുമ്മൽ സ്വദേശിയും ഏഴാം പ്രതിയായ പന്തളം സ്വദേശിയും വ്യാജരേഖകൾ ചമച്ച് അതിരൂപതയുടെ ഏലൂരിലുള്ള സ്ഥലം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെടുത്തെന്നും തുടർന്ന് ഇത് മറ്റു ഏഴ് പേർക്ക് വില്പന നടത്തിയെന്നുമാണ് കേസ്.
പറവൂർ സബ് രജിസ്ട്രാർ ഓഫീസിലാണ് ഈ സ്ഥലം രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൊതുജന സേവകരായ ഉദ്യോഗസ്ഥർ കുറ്റത്തിന് സഹായികളായി നിന്നുവെന്നും ഇതിലൂടെ വരാപ്പുഴ അതിരൂപതയ്ക്ക് ഭൂമി നഷ്ടമായെന്നും എഫ്.ഐ.ആറിൽ പറയുന്നു.
സ്ഥലത്തിന് വാക്കാൽ പട്ടയം ലഭിച്ചുവെന്ന് ധരിപ്പിച്ചാണ് രജിസ്‌ട്രേഷൻ നടന്നിട്ടുള്ളതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഉദ്യോഗസ്ഥരെ നേരിൽ കണ്ട് മൊഴിയെടുക്കേണ്ടതുണ്ട്.
വെല്ലുവിളികളും അന്വേഷണവും സ്ഥലം മാറിപ്പോയവരും സർവീസിൽനിന്ന് പിരിഞ്ഞുപോയവരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കാമെന്നതിനാൽ കേസ് പൊലീസിന് തലവേദനയായിരിക്കുകയാണ്. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കേസിന്റെ സാഹചര്യം സിവിൽ സ്വഭാവമുള്ളതാണോ അതോ ക്രിമിനൽ സ്വഭാവമുള്ളതാണോയെന്ന് കണ്ടെത്തുകയാണ് ആദ്യഘട്ടം. ഈ റിപ്പോർട്ട് കോടതിക്ക് കൈമാറും. അതേസമയം, കേസ് കോടതിയുടെ പരിഗണനയിലാണെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും പരാതി നൽകിയ സഭാ അധികൃതർ അറിയിച്ചു.
പ്രതിപട്ടികയിലുള്ളവർ
റവന്യൂ സെക്രട്ടറി (11-ാം പ്രതി)
ജില്ലാ കളക്ടർ ( 14-ാം പ്രതി)
രജിസ്‌ട്രേഷൻ വകുപ്പിലെ ഇൻസ്‌പെക്ടർ ജനറൽ
റവന്യൂ വകുപ്പ് കമ്മിഷണർ
ലാൻഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടർ
ഫോർട്ടുകൊച്ചി ആർ.ഡി.ഒ.
പറവൂർ തഹസിൽദാർ
ഏലൂർ വില്ലേജ് ഓഫീസർ
ആലങ്ങാട് സബ് രജിസ്ട്രാർ