ഒന്നരക്കോടിയുടെ പദ്ധതി,​ ഫണ്ട് ലഭിച്ചാൽ പനത്തടിയിൽ വാതക ശ്മശാനം

Monday 07 July 2025 12:11 AM IST
'കേരള കൗമുദി' ഞായറാഴ്ച പ്രസിദ്ധീകരിച്ച വാർത്ത

ബളാന്തോട് (കാസർകോട്): മലയോര മേഖലകളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്രയാസം കണക്കിലെടുത്ത് മലയോര പഞ്ചായത്തുകളിൽ പൊതുശ്മശാനങ്ങൾ നിർമ്മിക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങി ഗ്രാമ പഞ്ചായത്ത് ഭരണസമിതികൾ. മലയോര പ്രദേശങ്ങളിലെ വിവിധ ജാതിവിഭാഗങ്ങൾ മൃതദേഹ സംസ്കരണ വിഷയത്തിൽ വർഷങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങൾ ഞായറാഴ്ച 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

പാവപ്പെട്ട ജനവിഭാഗങ്ങൾ ഏറെ അധിവസിക്കുന്ന ഭൂമിശാസ്ത്രപരമായി വിസ്തൃതി ഏറെയുമുള്ള പനത്തടി ഗ്രാമ പഞ്ചായത്തിലാണ് മൃതദേഹം മറവുചെയ്യുന്നതിന് ഏറെ കഷ്ടപ്പാട്. എന്നാൽ ഒന്നരക്കോടി രൂപ ചിലവിൽ വാതക ശ്‌മശാനം സ്ഥാപിക്കുന്നതിന് തീരുമാനമായെന്നും ഇതിന് ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയതായും പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദൻ പറഞ്ഞു. പഞ്ചായത്തിന്റെ എം.സി.എഫ് സ്ഥിതി ചെയ്യുന്ന വട്ടക്കയത്ത് ഇതിനായി 28 സെന്റ് സ്ഥലം കണ്ടെത്തിയതായും ലത അറിയിച്ചു. പഞ്ചായത്തിന്റെ തന്നെ അധീനതയിലുള്ള സ്ഥലമാണിത്.

പണം നൽകിയിട്ടും മുഖംതിരിച്ച് പഞ്ചായത്തുകൾ

പൊതുശ്മശാനം നിർമ്മിക്കുന്നതിന് സർക്കാർ ഫണ്ട് നൽകാമെന്ന് അറിയിച്ചിട്ടും മുൻകൈയെടുക്കാത്ത ഗ്രാമ പഞ്ചായത്തുകളുണ്ട്. നാളുകളായി ജനങ്ങൾ ആവശ്യപ്പെട്ടിട്ടും പൊതുശ്മശാനം എന്ന അജണ്ടയിലേക്ക് ആരും എത്തുന്നില്ല. മലയോരങ്ങളിൽ സ്വന്തമായി കൂടുതൽ സ്ഥലമുള്ളവർക്കും പ്രബല സമുദായങ്ങൾക്കും മൃതദേഹം മറവ് ചെയ്യാനും സംസ്കരിക്കാനും സൗകര്യങ്ങളുണ്ട്. ഇതൊന്നും ഇല്ലാത്തവരുടെ പ്രശ്നം ആരും കണക്കിലെടുക്കുന്നുമില്ല. ഉചിതമായ സ്ഥലം കിട്ടാതെ പദ്ധതിയുമായി മുന്നോട്ടുപോകാത്ത പഞ്ചായത്തുകളുമുണ്ട്. പരിസരവാസികളുടെ എതിർപ്പും തടസമായി.

4 പഞ്ചായത്തുകൾക്ക് 40 ലക്ഷം വീതം

സർക്കാർ നൽകിയ 40 ലക്ഷം രൂപ വീതം ചിലവഴിച്ച് അജാനൂർ, മടിക്കൈ, കാറഡുക്ക, കരിന്തളം ഗ്രാമ പഞ്ചായത്തുകൾ പൊതുശ്മശാനം നിർമ്മിച്ചിട്ടുണ്ട്. റെയ്ഡ്കോ മുഖേനയാണ് പദ്ധതി പൂർത്തീകരിച്ചത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടിയിലും ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനിയിലും നിർമ്മിച്ച ശ്മശാനം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. മടിക്കൈ ശ്മശാനം പൂർത്തീകരിച്ച് ഉദ്‌ഘാടകനെ കാത്തുനിൽക്കുകയാണ്.

മലയോരങ്ങളിൽ മൃതദേഹ സംസ്കരണം പ്രധാനപ്പെട്ട വിഷയമാണ്. ശ്മശാനം നിർമ്മിക്കുന്നതിനുവേണ്ടി സർക്കാർ ഫണ്ട് നൽകുന്നുണ്ട്. അത് പ്രാവർത്തികമാക്കാൻ പഞ്ചായത്തുകളാണ് മുൻകൈ എടുക്കേണ്ടത്. 40 ലക്ഷം രൂപ വീതം നൽകിയപ്പോൾ ശ്മശാനം നിർമ്മിച്ചു മാതൃക കാണിച്ച പഞ്ചായത്തുകളും ജില്ലയിലുണ്ട്.

ബേബി ബാലകൃഷ്ണൻ (കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് )​

ഫണ്ട് ലഭിക്കുന്നതിലെ കാലതാമസം കാരണമാണ് ശ്മശാനം നിർമ്മിക്കാൻ വൈകുന്നത്. കേന്ദ്ര ഫണ്ടും ശുചിത്വ മിഷന്റെ ഫണ്ടും ഇപ്പോൾ നമുക്ക് ലഭിക്കുന്നില്ല. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് കിട്ടുന്ന മുറക്ക് നിർമ്മാണം തുടങ്ങും. അനുമതി പത്രം ലഭിക്കുന്നതിന് ജില്ലാ കളക്ടർക്കും എഴുതിയിട്ടുണ്ട്. മറ്റു തടസങ്ങളൊന്നും ഉണ്ടാകില്ല.

ലത അരവിന്ദൻ (വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, പനത്തടി പഞ്ചായത്ത്)