എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ വിജയഗാഥ; ഇംഗ്ലണ്ടിനെ 336 റണ്‍സിന് തകര്‍ത്തു, പരമ്പരയില്‍ ഒപ്പത്തിനൊപ്പം
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 336 റണ്‍സിനാണ് ബെന്‍ സ്റ്റോക്‌സിന്റെ ഇംഗ്ലണ്ടിനെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ തോല്‍പ്പിച്ചത്. 608 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലീഷ് സംഘത്തിന്റെ മറുപടി 271 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ആകാശ് ദീപ് ആണ് ഇംഗ്ലണ്ട് ബാറ്റിംഗിന്റെ നടുവൊടിച്ചത്. അഞ്ച് മത്സര പരമ്പരയില്‍ ജയത്തോടെ ഇന്ത്യ ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. ഹെഡിംഗ്‌ലിയില്‍ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചിരുന്നു.
സ്‌കോര്‍: ഇന്ത്യ 587 & 427/6 | ഇംഗ്ലണ്ട് 407 & 271
അവസാന ദിവസം ഇംഗ്ലണ്ടിന് 530 റണ്‍സ് കൂടിയാണ് വിജയിക്കാന്‍ ആവശ്യമായിരുന്നത്. ഇന്ത്യക്ക് വേണ്ടിയിരുന്നതാകട്ടെ ഏഴ് വിക്കറ്റുകളും. തുടക്കത്തില്‍ തന്നെ ഒലി പോപ്പ് (24), ഹാരി ബ്രൂക് (23) എന്നിവരെ വീഴ്ത്തി ആകാശ് ദീപ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. ആറാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സ് (33) - വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് (88) സഖ്യം ഇംഗ്ലണ്ടിനായി 70 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ സ്റ്റോക്‌സ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
ക്രിസ് വോക്‌സ് (7), ബ്രൈഡന്‍ കാഴ്‌സ് (38), ജോഷ് ടംഗ് (2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഷൊയ്ബ് ബഷീര്‍ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. ജൂലായ് 10ന് ലോര്‍ഡിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.