ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകും
അടുത്ത പത്ത് വർഷം ഇന്ത്യയുടെ കാലമെന്ന് പി.ഡബ്‌ള്യു.സി
കൊച്ചി: 2035ൽ ഇന്ത്യൻ സാമ്പത്തിക മേഖലയുടെ മൊത്തം മൂല്യ വർദ്ധന(ജി.വി.എ) 9.82 ലക്ഷം കോടി ഡോളറാകുമെന്ന് പ്രമുഖ രാജ്യാന്തര ധനകാര്യ ഏജൻസിയായ പി.ഡബ്‌ള്യു.സി വ്യക്തമാക്കി. 2023ൽ ഇന്ത്യയുടെ ജി.വി.എ 3.39 ലക്ഷം കോടി ഡോളറായിരുന്നു. ജി.വി.എയിൽ പ്രതിവർഷം 9.27 ശതമാനം വർദ്ധനയാണ് ഏജൻസി പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) കണക്കാക്കുന്നതിൽ പ്രധാന ഘടകമാണ് ജി.വി.എ. അടിസ്ഥാന വ്യവസായങ്ങൾക്കും മാനുഷിക ആവശ്യങ്ങൾക്കുമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇന്ത്യ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാണ് സാമ്പത്തിക മൂല്യം ഉയർത്തുന്നത്. ഇന്ത്യൻ കമ്പനികൾ പുതിയ മേഖലകളിലേക്ക് വളർച്ച വ്യാപിക്കുന്നതാണ് ബിസിനസ് മൂല്യം ഉയർത്താൻ സഹായിക്കുന്നതെന്ന് പി.ഡബ്‌ള്യു.സി റിപ്പോർട്ടിൽ പറയുന്നു. സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളുടെ കരുത്തിൽ ഉത്പാദനം, നിർമ്മാണം, ആരോഗ്യം, ഗതാഗതം തുടങ്ങിയ മേഖലകളിൽ വിപുലമായ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. 2047ൽ 30 ലക്ഷം കോടി ഡോളർ ജി.ഡി.പി നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
എന്താണ് ജി.വി.എ?
സാമ്പത്തിക, വ്യവസായ മേഖലയിലെ ചരക്ക്, സേവന ഉത്പാദനത്തിന്റെ മൂല്യം കണക്കാക്കുന്ന സൂചികയാണ് ജി.വി.എ. മൊത്തം ആഭ്യന്തര ഉത്പാദനത്തിനൊപ്പം(ജി.ഡി.പി) നികുതികൾ കൂട്ടിയതിന് ശേഷം വിവിധ സബ്സിഡികൾ കുറയ്ക്കുമ്പോഴാണ് ജി.വി.എ ലഭിക്കുന്നത്.