ആരോഗ്യമേഖലയിൽ ഒറ്റപ്പെട്ട പ്രശ്നങ്ങൾ: എം.എ.ബേബി
ന്യൂഡൽഹി: മികച്ചതെങ്കിലും കേരളത്തിലെ ആരോഗ്യ മേഖലയിൽ ഒറ്റപ്പെട്ട പ്രശ്നങ്ങളുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. അതു പരിഹരിക്കാനാണ് എൽ.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മികച്ചതാണ് കേരളത്തിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ. ഒറ്റപ്പെട്ട സംഭവങ്ങൾ വലുതാക്കരുത്. കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം പൊളിഞ്ഞു വീണ് ഒരാൾ മരിച്ച സംഭവം എന്തു കൊണ്ടുണ്ടായെന്ന് അന്വേഷിച്ച് കണ്ടെത്തണം. അതിന്റെ പേരിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വയ്‌ക്കേണ്ടതില്ല.
മെഡിക്കൽ കോളേജിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ ഡോ ഹാരിസ് മാതൃകാപരമായി പ്രവർത്തിക്കുന്നയാളാണ്.. ഭരണ നേതൃത്വത്തെ അദ്ദേഹം വിമർശിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലെ പ്രശ്നങ്ങളാണ് പറഞ്ഞത്.മന്ത്രിമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്നതിൽ തെറ്റില്ല. ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാനാണ് എല്ലാവരും ശ്രമിക്കാറ്.
വിദേശത്തു നിന്ന് കേരളത്തിലേക്കും നിരവധിയാളുകൾ ചികിത്സയ്ക്ക് വരാറുണ്ടല്ലോ.
സർക്കാർ- ഗവർണർ തർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരെയും പേടിക്കാത്തയാളാണ് പിണറായി.മടിയിൽ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂ- ബേബി പറഞ്ഞു.