യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ബ്രിട്ടീഷ് സംഘം
ശംഖുംമുഖം: ഇരുപത് ദിവസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ് 35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ബ്രിട്ടണിൽ നിന്ന് വിദഗ്ദ്ധരെത്തി. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി വിമാനത്തെ എയർഇന്ത്യയുടെ ഹാംഗറിലേയ്ക്ക് കെട്ടിവലിച്ച് നീക്കി.
ബ്രിട്ടീഷ് റോയൽ എയർഫോഴ്സിന്റെ ടർബോപ്രോപ്പ് എയർബസ് എ 400 എം അറ്റ്ലസ് വിമാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.45ന് വിദഗ്ദ്ധ സംഘം എത്തിയത്. 24 പേരാണ് സംഘത്തിലുണ്ടായിരുന്നത്. തകരാർ പരിഹരിക്കാൻ കൂടുതൽ സമയം വേണ്ടതിനാൽ 14പേരെ ഇവിടെ ഇറക്കിയശേഷം മറ്റുള്ളവരുമായി എയർബസ് വൈകിട്ട് 4.15ന് മടങ്ങി. സൈപ്രസ് ദ്വീപിന്റെ തെക്കേയറ്റമായ ആക്രോട്ടിരി എയർബേസിൽ ഇറങ്ങി ഇന്ധനം നിറച്ചശേഷം മസ്‌കറ്റ് വഴിയാണ് എയർബസ് 400 തലസ്ഥാനത്തെത്തിയത്.
ബ്രിട്ടിഷ് സംഘത്തോടൊപ്പം വിമാനനിർമ്മാതാക്കളായ ലോക്ക് ഹീഡ് മാർട്ടിന്റെ സാങ്കേതിക വിദഗ്ദ്ധരുമുണ്ട്. 14 അംഗ സംഘത്തിന് സ്വകാര്യ ഹോട്ടലിൽ താമസ സൗകര്യമൊരുക്കി. ജൂൺ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം യുദ്ധവിമാനം ഇവിടെയിറക്കിയത്. തുടർപറക്കൽ അസാദ്ധ്യമാണെന്ന് കണ്ടതോടെ ഹാംഗറിലേക്ക് മാറ്റാൻ അനുമതി നൽകിയിരുന്നെങ്കിലും യുദ്ധവിമാനത്തിന്റെ തന്ത്രപ്രധാനമായ രഹസ്യങ്ങൾ ചോർന്ന് പോകുമോയെന്ന ആശങ്കയിൽ ബ്രിട്ടൺ നേരത്തെ ഇതിന് സമ്മതിച്ചിരുന്നില്ല.
അറ്റകുറ്റപ്പണി നടന്നില്ലെങ്കിൽ
'ഗ്ലോബ് മാസ്റ്റർ' എത്തും
ഇന്നുരാവിലെ മുതൽ യുദ്ധവിമാനത്തിന്റെ ഹൈഡ്രോളിക് തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങും. നടന്നില്ലെങ്കിൽ ബ്രിട്ടണിൽ നിന്ന് സി 17 ഗ്‌ളോബ് മാസ്റ്റർ ചരക്ക് വിമാനമെത്തിച്ച് എയർലിഫ്റ്റ് നടത്തി തിരികെ കൊണ്ടുപോകും. ചിറകുകൾ ഇളക്കിമാറ്റിയാകും എയർലിഫ്റ്റിംഗ് നടത്തുക. 77 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള ഗ്ലോബ് മാസ്റ്രറിന് രണ്ട് എഫ് 35 വിമാനങ്ങളെവരെ വഹിക്കാനാകും.