ചക്കുളത്തെ പൂക്കാവടിയാട്ടം കടൽ കടന്ന് യൂറോപ്പിലേക്കും
ആലപ്പുഴ: ഉത്സവപ്പറമ്പിൽ കാണികളെ ആവേശം കൊള്ളിക്കുന്ന പൂക്കാവടികൾക്ക് ഉത്തരേന്ത്യയിലും വിദേശത്തും പ്രിയമേറുന്നു. ആലപ്പുഴ ചക്കുളത്ത് നിന്നുള്ള യുവാക്കളുടെ ശ്രീബ്രഹ്മ കലാസമിതി ചൈനയിലും ദുബായിലും കാവടി ആടിയശേഷം യൂറോപ്യൻ പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ്.
വർണക്കടലാസുകൾ കൊണ്ടലങ്കരിച്ച കാവടിയേന്തിയുള്ള ആട്ടത്തിന് ഡിമാൻഡ് കൂടിയതോടെ നഴ്സിംഗ് ജോലിയും വിദേശത്തെ ജോലിയും ഉപേക്ഷിച്ചാണ് പലരും പൂക്കാവടിയാട്ടം തൊഴിലാക്കിയത്.
ഡാൻസ് ട്രൂപ്പ് നടത്തിയിരുന്ന പന്ത്രണ്ടംഗ സംഘം ആറ് കാവടികൾ വാടകയ്ക്കെടുത്ത് 2014ലാണ് കാവടിയാട്ടം ആരംഭിച്ചത്. ഉത്സവകമ്മിറ്റികളോട് അവസരങ്ങൾ ചോദിച്ച് നടന്നിരുന്ന സംഘത്തിന് ഇപ്പോൾ ഉത്തരേന്ത്യയിൽ നിന്നാണ് ഏറ്റവുമധികം ബുക്കിംഗ് ലഭിക്കുന്നത്. ഉത്തരേന്ത്യൻ വിവാഹങ്ങളുടെ ഭാഗമായാണ് അടിപൊളി ഈണങ്ങൾക്ക് ചുവടുവച്ച് പൂക്കാവടിയാടുന്നത്. വരനെയും വധുവിനെയും വേദിയിലേക്ക് ആനയിക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് അവതരണം. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെയാണ് ഇത്തവണത്തെ പുതുവർഷാഘോഷത്തിന്റെ ഭാഗമായിട്ടാണ് ചൈനയിൽ അവസരം ലഭിച്ചത്. ഇറ്റലിയിലെ ഇവന്റ്മാനേജ്മെന്റ് സ്ഥാപനം വഴി മക്കോവ സർക്കാരിന്റെ അതിഥികളായാണ് ചൈനയിലെത്തി പരിപാടി അവതരിപ്പിച്ചത്. തുടർന്ന് ദുബായിലും പൂക്കാവടിയാടി. ഫ്രാൻസിലേക്ക് അവസരം ലഭിച്ചെങ്കിലും പോകാനായില്ല. യൂറോപ്പിൽ പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുകയാണിപ്പോൾ. 12 പേരിൽ ആരംഭിച്ച സംഘത്തിലിപ്പോൾ അമ്പതോളം അംഗങ്ങളുണ്ട്. നിശ്ചല കലാരൂപങ്ങളുടെ അവതരണവും നടത്തുന്നു.
ഒരാൾക്ക് അര ലക്ഷം
മാസവരുമാനം
കേരളത്തിൽ നവംബർ മുതൽ മേയ് മാസം വരെയാണ് പരിപാടികൾ. തുടർന്നുള്ള മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, കർണാടക മുതൽ സിക്കിം വരെയുള്ള സംസ്ഥാനങ്ങളിൽ അരങ്ങേറി. മാസം ഇരുപത് പരിപാടികൾ വരെ കിട്ടുന്നുണ്ട്. ഒരാൾക്ക് മാസം അമ്പതിനായിരം രൂപ വരെ വരുമാനവും ഉറപ്പാകുന്നുണ്ട്. ദൂരത്തിനനുസരിച്ചാണ് നിരക്ക് ഈടാക്കുന്നമത്. ചക്കുളത്ത് നിന്ന് പരമാവധി 80 കിലോമീറ്റർ ദൂരം വരെ മുപ്പതിനായിരം രൂപയാണ് നിരക്ക് ഈടാക്കുന്നത്. ചക്കുളത്ത് കാവ് ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് പരിശീലനം.