അക്കൗണ്ടുള്ളത് ഈ നാല് ബാങ്കുകളില്‍ ഏതിലെങ്കിലുമാണോ? കോളടിച്ചത് കോടിക്കണക്കിന് ആളുകള്‍ക്ക്

Sunday 06 July 2025 11:10 PM IST

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. ബാങ്ക് അക്കൗണ്ടുകള്‍ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഭൂരിഭാഗം ആളുകള്‍ വരുത്തുകയും ചെയ്യുന്ന വീഴ്ചയാണ് മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കാതിരിക്കുകയെന്നത്. എന്നാല്‍ ഈ പ്രശ്‌നത്തിന് ഇപ്പോള്‍ വലിയ ആശ്വാസമായി മാറുകയാണ് ചില ബാങ്കുകളുടെ തീരുമാനം. അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുകയായ മിനിമം ബാലന്‍സ് പരിധി എടുത്ത് കളഞ്ഞിരിക്കുകയാണ് രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകള്‍.

മിനിമം ബാലന്‍സ് ഇല്ലെങ്കിലും ഇനി മുതല്‍ പിഴ ഈടാക്കേണ്ടതില്ലെന്നാണ് നാല് ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചതാണ് ബാങ്കുകളുടെ തീരുമാനത്തിന് പിന്നില്‍. മിനിമ ബാലന്‍സ് സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മുമ്പ് ഈ നാല് ബാങ്കുകളും പിഴ ചുമത്തിയിരുന്നു. അക്കൗണ്ടുകളുടെ തരം അനുസരിച്ചാണ് പിഴ തുക വ്യത്യാസപ്പെട്ടിരുന്നത്.

കാനറാ ബാങ്ക് ആണ് ഈ നാല് ബാങ്കുകളില്‍ ഒന്നാമത്തേത്. 2025 മേയ് മാസം ഒന്നാം തീയതി മുതല്‍ മിനിമം ബാലന്‍സ് പരിധി കാനറ ബാങ്ക് എടുത്ത് കളഞ്ഞിരുന്നു. സേവിംഗ്‌സ് അക്കൗണ്ട്. സാലറി അക്കൗണ്ട്, നോണ്‍ റസിഡന്‍ഷ്യല്‍ ഇന്ത്യന്‍സ് (എന്‍ആര്‍ഐ) അക്കൗണ്ടുകള്‍ക്ക് പുതിയ തീരുമാനം ബാധകമായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് ജൂലായ് ഒന്ന് മുതലാണ് മിനിമം ബാലന്‍സ് പരിധി എടുത്ത് കളഞ്ഞത്. ബാങ്ക് ഓഫ് ബറോഡ ആണ് ഈ മാറ്റം യാഥാര്‍ത്ഥ്യമാക്കിയ മറ്റൊരു ബാങ്ക് 2025 ജൂലായ് ഒന്ന് മുതല്‍ ബാങ്ക് ഓഫ് ബറോഡയുടെ മിനിമം അക്കൗണ്ട് ബാലന്‍സ് ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ബാങ്കിന്റെ പ്രീമിയം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഈ മാറ്റം വന്നിട്ടില്ല.

ഇന്ത്യന്‍ ബാങ്ക് ആണ് ഏറ്റവും ഒടുവില്‍ മിനിമം ബാലന്‍സ് പരിധി ഒഴിവാക്കിയ ബാങ്ക് ഇന്ത്യന്‍ ബാങ്കാണ്. എല്ലാത്തരം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിലുമുള്ള മിനിമം ബാലന്‍സ് ചാര്‍ജുകള്‍ പൂര്‍ണമായി ഒഴിവാക്കുന്നതായാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാറ്റം 2025 ജൂലായ് ഏഴ് മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മിനിമം ബാലന്‍സ് പരിധി ഉപഭോക്താക്കള്‍ക്കായി ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ 2020 മുതല്‍ തന്നെ ഈ തീരുമാനം എസ്ബിഐ നടപ്പിലാക്കിയിട്ടുണ്ട്.