സോളാർ: ശുപാർശ പിൻവലിക്കണമെന്ന് ചെന്നിത്തല

Monday 07 July 2025 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ ഉപഭോക്താക്കളെ സാമ്പത്തികമായി തകർക്കുന്ന ശുപാർശകൾ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ പുറപ്പെടുവിച്ചത് പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. പുരപ്പുറ സോളാറുമായി ബന്ധപ്പെട്ട് പുതിയ ചട്ടത്തിലുള്ള ആശങ്കയെക്കുറിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരത്തിലുള്ള ശുപാർശ നടപ്പാക്കിയാൽ അത് സോളാർ ഉപഭോക്താക്കൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ലംഘനവും ലോകമെമ്പാടും നടക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുനയൊടിക്കലും ആകുമെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

സർക്കാർ സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിച്ച് വൈദ്യുത ഉത്പാദനം നടത്തുകയും സ്വകാര്യ കമ്പനിയുടെ കാലാവധി കഴിയുകയും ചെയ്ത മണിയാർ പദ്ധതി കാർബൊറാണ്ടം യൂണിവേഴ്സൽ കമ്പനിയിൽ നിന്ന് തിരിച്ചെടുക്കാനുള്ള നടപടികളും സ്വീകരിക്കണം.

വൈദ്യുതി ഉപഭോക്താക്കൾക്ക് അതിഭീമമായ നഷ്ടം വരുത്തിവയ്ക്കുന്ന ഹ്രസ്വകാല വൈദ്യുത കരാറുകൾ അവസാനിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ദീർഘകാല കരാറുകളിൽ ഏർപ്പെടണമെന്ന നിർദ്ദേശവും കത്തിൽ മുന്നോട്ടുവച്ചു.