നഗരം വിറപ്പിച്ച് കുതിര

Sunday 06 July 2025 11:31 PM IST

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ പതിവായി നടക്കാനിറങ്ങുന്നതായിരുന്നു ഹൈദർ എന്ന കുതിര. പക്ഷേ ഇന്നല യാത്രയ്ക്കിടെ എന്തോ പന്തികേടുപറ്റി. വാഹനത്തിന്റെ ഹോൺ ശബ്ദം കേട്ട് ഞെട്ടിയ പോലെ. ഒറ്റപ്പാച്ചിൽ, നഗരമാകെ വിറച്ചു. അതുവഴി സ്കൂട്ടറിലെത്തിയ പറക്കോട് കൊല്ലവിളാകം ജോർജിനെ (30) ഇടിച്ചിട്ടു. കുതിര പാഞ്ഞു വരുന്നതു കണ്ട് അഴൂർ സ്വദേശി സംഗീത (32) ഒാടിച്ച സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടു. ഒപ്പം മകൻ ദോഷന്തും (ആറ്) ഉണ്ടായിരുന്നു. ആളുകൾ ഒാടിയെത്തി മൂന്നുപേരെയും താങ്ങിയെടുത്തു. ജോർജിന്റെ ഇടതുകണ്ണിനരികൽ ചതവ് പറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഗീതയെയും മകനെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെയും പരിക്ക് സാരമുള്ളതല്ളെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അഴൂരിലെ പെട്രോൾ പമ്പിലേക്ക് ഒാടിക്കയറിയ കുതിരയെ ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടിച്ചുകെട്ടി. അഴൂർ സ്വദേശി തമ്പിയുടേതാണ് ഒരു വയസ് കഴിഞ്ഞ ഹൈദർ. വാഹനത്തിൽ ഇടിച്ച് കുതിരയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. കുതിരയെ ചികിത്സിക്കുന്ന ഡോക്ടർമാർ പത്തനംതിട്ടയിൽ ഇല്ല. പാലക്കാട് നിന്നാണ് ഹൈദറിനെ വാങ്ങിയത്. മുൻ ഉടമയുടെ നിർദേശപ്രകാരം പ്രാഥമിക ചികിത്സ നൽകി. തീറ്റ കൊടുക്കാനേൽപ്പിച്ചയാൾ എല്ലാ ദിവസവും ഹൈദറിനെ നഗരത്തിലൂടെ നടത്തിക്കാറുണ്ട്.