10.18 സെക്കൻഡ് നൂറിൽ റെക്കാഡുമായി അനിമേഷ്
ഏതൻസ് : പുരുഷ വിഭാഗം 100 മീറ്ററിൽ ദേശീയ റെക്കാഡ് തിരുത്തിയെഴുതി ഇന്ത്യൻ താരം അനിമേഷ് കുജൂർ. മാർച്ചിൽ 10.20 സെക്കൻഡിൽ ഓടിയെത്തിയിരുന്ന ഗുരീന്ദർവീർ സിംഗിന്റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് അനിമേഷ് സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ ദിവസം ഗ്രീസിൽ നടന്ന ഡ്രോമിയ ഇന്റർനാഷണൽ സ്പ്രിന്റ് ആൻഡ് റിലേയ്സ് മീറ്റിൽ 10.18 സെക്കൻഡിൽ ഓടിയെത്തിയ അനിമേഷ് 10.20 സെക്കൻഡിനുള്ളിൽ 100 മീറ്റർ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാവുകയും ചെയ്തു. മീറ്റിലെ ബി ഫൈനലിലാണ് ഈ സമയത്തിനുള്ളിൽ അനിമേഷ് ഓടിയെത്തിയത്. എല്ലാ ഫൈനലുകളിലേയും കൂടി പ്രകടനം കണക്കിലെടുക്കുമ്പോൾ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ താരം.
200 മീറ്ററിലെ റെക്കാഡും അനിമേഷിന്റെ പേരിലാണ്. ദക്ഷിണകൊറിയയിലെ ഗുമിയിൽ ഒരുമാസം മുമ്പുനടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 20.23 സെക്കൻഡിൽ ഓടിയെത്തിയാണ് അനിമേഷ് റെക്കാഡ് നേടിയത്. ചണ്ഡിഗഡിൽ നടന്ന ദേശീയ റിലേ കാർണിവലിൽ 4-100 മീറ്ററിൽ റെക്കാഡ് നേടിയ ഇന്ത്യൻ ടീമിലും അനിമേഷ് അംഗമായിരുന്നു.