സെമിയിൽ പാരീസും റയലും തമ്മിൽ

Sunday 06 July 2025 11:51 PM IST

അറ്റ്ലാന്റ : ക്ളബ് ലോകകപ്പ് ഫുട്ബാളിന്റെ സെമിഫൈനലിൽ ഇത്തവണത്തെ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരീസ് എസ്.ജിയും കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡും ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന ക്വാർട്ടർഫൈനലുകളിൽ ജർമ്മൻ ക്ലബുകളായ ബയൺ മ്യൂണിക്കിനെ 2–0ന് തോൽപിച്ച് പി.എസ്.ജിയും ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ 3-2ന് തോൽപ്പിച്ച് റയലും സെമിഫൈനലിൽ കടക്കുകയായിരുന്നു.

രണ്ട് റെഡ് കാർഡുകൾ കണ്ട്, ഒൻപതു പേരായി ചുരുങ്ങിയിട്ടും പതറാതെ പൊരുതിയ പാരിസിനായി 78–ാം മിനിട്ടിൽ യുവതാരം ഡിസെയ്റെ ദുവെയും രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഉസ്മാൻ ഡെംബലെയുമാണ് (90+6) ലക്ഷ്യം കണ്ടത്. മത്സരത്തിനിടെ പിഎസ്ജി ഗോൾകീപ്പർ ജിയാൻല്യൂഗി ഡൊണറുമ്മയുമായി കൂട്ടിയിടിച്ച ബയൺ താരം ജമാൽ മുസ്യാലയുടെ കാൽക്കുഴയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മുസ്യാലയെ സ്ട്രക്ചറിലാണ് ഗ്രൗണ്ടിൽ നിന്നു പുറത്തേക്കു കൊണ്ടുപോയത്.

ഡോർട്ട്മുണ്ടിനെതിരെ ഗോൺസാലോ ഗാർഷ്യ (10–ാം മിനിട്ട്), ഫ്രാൻ ഗാർഷ്യ (20), കിലിയൻ എംബാപ്പെ (94) എന്നിവരാണ് റയലിനായ ലക്ഷ്യം കണ്ടത്. മാക്സിമിലിയൻ ബെയറും (90+2), സെർഹു ഗെരാസിയും (90+8) ഡോർട്ട്മുണ്ടിനായി ലക്ഷ്യം കണ്ടു. 96–ാം മിനിട്ടിൽ റയൽ താരം ഡീൻ ഹുസെൻ ചുവപ്പുകാർഡ് കണ്ടു പുറത്തായി.

9ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ ചെൽസിയും ഫ്ലുമിനെൻസും ഏറ്റുമുട്ടും.10നാണ് റയലും പി.എസ്.ജിയും തമ്മിലുള്ള സെമിഫൈനൽ.