ഹരിത കേരളം മിഷൻ ഒരു തൈ നടാം പദ്ധതി
കരുനാഗപ്പള്ളി: ഹരിത കേരളം മിഷന്റെ 'ഒരു തൈ നടാം' ക്യാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ വിപുലമായ വൃക്ഷവത്കരണ പരിപാടികൾക്ക് തുടക്കമായി. മുനിസിപ്പാലിറ്റി പരിധിയിലെ വിദ്യാലയങ്ങളിലെ ഇക്കോ ക്ലബ്ബ്, എൻ.എസ്.എസ്., എസ്.പി.സി. എന്നിവയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപകരുടെ യോഗം ചേർന്നു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷനായി.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അദ്ധ്യാപക-രക്ഷകർതൃ സംഘടനകളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ ഇടപെടലുകളിലൂടെ വൃക്ഷവത്കരണം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ 'പച്ചത്തുരുത്ത്', 'ഓർമ്മ തുരുത്ത്' എന്നിവ ആരംഭിക്കും. 14ന് ഓസോൺ ദിനം സമുചിതമായി ആചരിച്ച് പൊതു ഇടങ്ങളിലും ഹരിത സ്ഥാപനങ്ങളിലും വൃക്ഷവത്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.
സോഷ്യൽ ഫോറസ്റ്റ് വഴി ലഭ്യമാക്കിയ 200 വൃക്ഷത്തൈകളുടെ വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് നിർവഹിച്ചു. ക്ലീൻ സിറ്റി മാനേജർ, ജെ.എച്ച്.ഐ. മാർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ ആർ.പി.വൈ.പി എന്നിവർ യോഗത്തിൽ പങ്കെടുത്തു. മുനിസിപ്പൽ പ്രദേശത്ത് ആകെ 8000 വൃക്ഷത്തൈകൾ നടാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.