ദേശീയ പണിമുടക്ക് വിജയിപ്പിക്കും

Monday 07 July 2025 12:15 AM IST

തിരുവനന്തപുരം:ജൂലായ് 8ന് അർദ്ധരാത്രി മുതൽ 9ന് അർദ്ധരാത്രി വരെ നടക്കുന്ന ദേശീയ പണിമുടക്ക് വൻ വിജയമാക്കാൻ ട്രേഡ് യൂണിയൻ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു.

പണിമുടക്കിനു മുന്നോടിയായി നടന്ന തൊഴിലാളി കൺവെൻഷൻ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. ബിന്നി അദ്ധ്യക്ഷത വഹിച്ചു.ലേബർ കോഡുകൾ റദ്ദ് ചെയ്യുക, മിനിമം വേതനം 27, 000 രൂപയാക്കുക, ഇ .എസ് .ഐ ,ഇ .പി. എഫ് പദ്ധതികൾ പരിഷ്‌കരിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ 17 ഇന ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. തലസ്ഥാനത്ത് പുളിമൂട്ടിലെ ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിലാണ്
സമരം കേന്ദ്രം തുറക്കുന്നതെന്ന് യു.ഡി.ടി.എഫ് കൺവീനർ ബിന്നിയും ജനറൽ കൺവീനർ വി.ആർ. പ്രതാപനും അറിയിച്ചു.ദേശീയ പണിമുടക്കിന്റെ സന്ദേശം വിളിച്ചറിയിച്ചുള്ള വിളംബര ജാഥ ഇന്ന് വൈകിട്ട് ആറിന് സമരകേന്ദ്രമായ ജി.പി. ഒ യുടെ മുന്നിൽ നിന്നും പാളയം രക്തസാക്ഷി മണ്ഡപം വരെ നടക്കും.ജൂലായ് 8ന് വൈകിട്ട് 6 ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സമരകേന്ദ്രമായ പുളിമൂട് വരെ പന്തംകൊളുത്തി പ്രകടനം നടത്തും.
എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും സമരകേന്ദ്രങ്ങൾ ഉണ്ടായിരിക്കും.പാൽ,പത്ര വിതരണം, ആശുപത്രികൾ, തുടങ്ങിയ അടിയന്തര സ്വഭാവമുള്ള മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.