അച്ഛനെ മറക്കാൻ കഴിയുന്നില്ല, ഞാൻ കാത്തിരിക്കും...

Monday 07 July 2025 12:17 AM IST
പനങ്ങാട് നോർത്ത് എ.യു.പി. സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ശ്രീനന്ദ സ്വർഗ്ഗത്തിലുള്ള അച്ഛന് എഴുതിയ കത്ത്

ബാലുശ്ശേരി: ഒരച്ഛൻ മകൾക്ക് എഴുതിയ കത്ത് നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ മരിച്ചുപോയ അച്ഛന് മകളെഴുതിയ കുറിപ്പ് ആരുടെയും ഉള്ളുലയ്ക്കും. വായന മാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോർത്ത് എ. യു. പി സ്കൂൾ വിദ്യാരംഗം കുട്ടികൾക്കായി നടത്തിയ ‘കത്തെഴുതാം സമ്മാനം നേടാം “ വിജയിയെ കണ്ടെത്താനുള്ള തപാൽപ്പെട്ടി തുറന്നപ്പോഴാണ് ശ്രീനന്ദനയുടെ കുറിപ്പ് വിധികർത്താക്കളുടെ കരൾപിളർക്കും കാഴ്ചയായത്. എല്ലാവരും കൂട്ടുകാർക്കും അദ്ധ്യാപകർക്കും എഴുത്തുകാർക്കും മറ്റും കത്തെഴുതിയപ്പോൾ ശ്രീനന്ദ കഴിഞ്ഞവർഷം ബൈക്ക് അപകടത്തിൽ തങ്ങളെ വിട്ടുപോയ അച്ഛൻ വായിക്കാൻ സ്വർഗത്തിലേക്ക് കത്തെഴുതുകയായിരുന്നു. അച്ഛൻ വിട്ടുപോയതിന്റെ നൊമ്പരമായിരുന്നു ശ്രീനന്ദനയുടെ ഓരോ വരിയിലും. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബൈജുവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ മാത്രമല്ല നാടിനെയും സങ്കടത്തിലാഴ്ത്തിയിരുന്നു. ശ്രീനന്ദയുടെ മാതാവ് ധന്യ ബേക്കറി ജോലി ചെയ്താണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്.

“ എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ എന്റെ അച്ഛനെ കാണും. ഞാൻ നന്നായി പഠിക്കുന്നുണ്ട്, പിന്നെ അമ്മ ഞങ്ങളെ നന്നായി

നോക്കുന്നുണ്ട് “ എന്നെഴുതിയാണ് ശ്രീനന്ദ കത്ത് അവസാനിപ്പിക്കുന്നത്. നൂറോളം കുട്ടികൾ പങ്കെടുത്ത കത്തെഴുത്ത് മത്സരത്തിൽ ഒരു മകൾ അച്ഛന് എഴുതിയ ‘ സ്വർഗത്തിലേക്ക് ഒരു കത്ത്’ ഒന്നാം സ്ഥാനത്തിന് അർഹമായി. വൈകാരികതയ്ക്ക് അപ്പുറം കത്തിന്റെ ഉള്ളടക്കവും ഭാഷയും ശക്തവും ഭാവ തീവ്രവുമാണെന്ന് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ അനാമിക ടീച്ചർ അഭിപ്രായപ്പെട്ടു. ഒന്നാം സ്ഥാനം കിട്ടിയെങ്കിലും ശ്രീനന്ദയുടെ കണ്ണിലുണ്ട് അച്ഛന്റെ അസാന്നിദ്ധ്യം.

കത്തിന്റെ ഉള്ളടക്കത്തിൽ നിന്ന്

സ്വർഗത്തിലേക്കുള്ള കത്ത്

“ എന്റെ പ്രിയപ്പെട്ട അച്ഛന്,

അച്ഛൻ സ്വർഗ്ഗത്തിൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ സ്വർഗ്ഗത്തിലേക്കുള്ള ഒരു കത്താണിത്. അച്ഛന് ഇപ്പോൾ സുഖമാണോ?, അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. എന്നാണ് അച്ഛൻ തിരികെ വരിക?, ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കും”.