ഓലയിൽ കടവ് പാലം ഇരുട്ടിൽ
തുറന്നിട്ടും യാത്രക്കാരുടെ 'ശനിദശ' മാറിയില്ല
കൊല്ലം: ഇരുട്ടിൽ തപ്പിത്തടഞ്ഞ് ഓലയിൽ കടവ് പാലം. നിർമ്മാണം പൂർത്തിയായി മൂന്ന് വർഷത്തോളമായ പാലം കഴിഞ്ഞ മാർച്ചിലാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. അഷ്ടമുടി കായലിന് മുകളിലൂടെ പോകുന്ന 940 മീറ്റർ വരുന്ന പാലം പൂർണമായും ഇരുട്ടിലാണ്.
സന്ധ്യയായാൽ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമാണ്. കടന്നുപോകുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലാണ് യാത്രക്കാരുടെ സഞ്ചാരം. പുലർച്ചെ മീൻപിടിക്കാനും നടക്കാനും നിരവധിപേരാണ് പാലം ഉപയോഗിക്കുന്നത്. ഇവരെല്ലാം മതിയായ വെളിച്ചമില്ലാതെ ബുദ്ധിമുട്ടുകയാണ്. പാലത്തിലെ ലൈറ്റുകളിൽ ഒന്നുപോലും കത്തുന്നില്ല.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പലത്തോടാണ് അധികൃതരുടെ ഈ അവഗണന. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നിന്നാരംഭിക്കുന്ന പാലത്തിലൂടെ താലൂക്ക് ഓഫീസ് ജംഗ്ഷൻ, ഇരുമ്പുപാലം, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ തിരക്കിൽ പെടാതെ അടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് തേവള്ളി, കടവൂർ, അഞ്ചാലുംമൂട് ഭാഗത്തേക്കുള്ളവർക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപമെത്താൻ കഴിയും.
ജില്ലാ പഞ്ചായത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, തേവള്ളി ബോയ്സ് സ്കൂൾ എന്നിവിടങ്ങളിൽ എത്തേണ്ടവർക്കും ഹൈസ്കൂൾ ജംഗ്ഷനിലെ തിരക്ക് ഒഴിവാക്കി പാലത്തിലൂടെ യാത്ര ചെയ്യാനാകും. അതേസമയം പി.ഡബ്ല്യു.ഡിയുടെ ഉടമസ്ഥതയിലുള്ള പാലം അടുത്തിടയ്ക്കാണ് കോർപ്പറേഷന് കൈമാറിയത്. ഇതാണ് ലൈറ്റുകൾ ശരിയാക്കുന്ന നടപടികൾക്ക് കാലതാമസം നേരിടുന്നതെന്നാണ് അധികൃതർ പറയുന്നത്.
അടുത്തിടെയാണ് ഓലയിൽ കടവ് പാലം പി.ഡബ്ല്യു.ഡി കോർപ്പറേഷന് കൈമാറിയത്. തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഏകദേശം പൂർത്തിയായി.
സജീവ് സോമൻ, മരാമത്തുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
യാത്രക്കാരുടെ അസൗകര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തിയായി. ഉടൻ തന്നെ തെരുവ് വിളക്കുകൾ പുനഃസ്ഥാപിക്കും.
ഹണി ബെഞ്ചമിൻ, മേയർ