'ആ അഞ്ചോവർ നമുക്ക് കിട്ടിയ ബോണസ്', ലീഡ് 600 കടക്കും വരെ ഇന്ത്യ ബാറ്റിംഗ് തുടരാനുള്ള കാരണം പുറത്ത്

Monday 07 July 2025 7:34 AM IST

ബിർമിംഗ്‌ഹാം: ആൻഡേഴ്‌സൺ-ടെൻഡുൾക്കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ 336 റൺസിന്റെ ചരിത്ര വിജയമാണ് ഇന്ത്യ നേടിയത്. 608 റൺസ് വിജയലക്ഷ്യം ഇംഗ്ളണ്ടിന് മുന്നോട്ടുവച്ച ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിന്റെ തീരുമാനം മുൻ താരങ്ങൾക്കടക്കം അമ്പരപ്പാണ് ഉണ്ടാക്കിയത്. ഒന്നാം ഇന്നിംഗ്‌സിൽ 180 റൺസ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 427 റൺസാണ് അടിച്ചെടുത്തത്.

ലീഡ് 550 റൺസായി ഉയർന്ന സമയത്ത് തന്നെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ളയർ ചെയ്‌ത് ഇംഗ്ളണ്ടിനെ ബാറ്റിംഗിനയക്കും എന്നാണ് ആദ്യം‌ കരുതിയത്. എന്നാൽ പിന്നെയും അഞ്ചോവറോളം നാലാം ദിനം ഇന്ത്യ ബാറ്റിംഗ് തുടർന്നു. ഇതിനിടെ 58 റൺസോളം കൂടുതൽ നേടുകയും ചെയ്‌തു. ഇതിന്റെ കാരണമാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇന്നിംഗ്‌സ് ഡിക്ളയർ ചെയ്യും മുൻപ് മാനേജ്‌മെന്റ് ഡ്രസിംഗ് റൂമിൽ ചർച്ച നടത്തി. ഇക്കാര്യം ബൗളിംഗ് കോച്ച് മോണി മോർക്കൽ വ്യക്തമാക്കുന്നു.

'അപ്പോൾ അതൊരു നല്ല ബാറ്റിംഗ് വിക്കറ്റായിരുന്നു. നമ്മുടെ താരങ്ങൾ ഒരോവറിൽ നാല്, അഞ്ച് റൺസ് വച്ച് നേടുന്നുണ്ടായിരുന്നു. സ്ഥലത്തെ കാലാവസ്ഥയെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. മികച്ച ഒരു ലീഡിലേക്ക് എത്തുകയും ഇംഗ്ളണ്ടിനെ 20-25 ഓവർ ബാറ്റ് ചെയ്യാനനുവദിച്ച് കുറച്ച് വിക്കറ്റുകൾ നേടുക എന്നതുമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.അത് ഞങ്ങൾക്ക് ലഭിച്ചു.' മത്സരശേഷമുള്ള പ്രസ്‌മീറ്റിൽ മോണി മോർക്കൽ പറഞ്ഞു.

നാലാം ദിനം ഇന്ത്യ ഡിക്ളയർ ചെയ്യാൻ വൈകിയതിനെ ഇംഗ്ളണ്ടിന്റെ മുൻ കളിക്കാരടക്കം വിമർശിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ടിന്റെ മൂന്ന് വിക്കറ്റുകൾ നാലാം ദിനം തന്നെ നഷ്‌ടമായതോടെ ആ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. 608 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ളണ്ട് അഞ്ചാം ദിനം 271 റൺസിന് എല്ലാവരും പുറത്തായി.

രണ്ട് ഇന്നിംഗ്‌സുകളിലും ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയുമടക്കം (269,161) നേടിയ ക്യാപ്റ്റൻ ഗിൽ തന്നെയാണ് കളിയിലെ കേമനായത്. രണ്ടിന്നിംഗ്‌സിലുമായി 10 വിക്കറ്റ് നേട്ടം കൊയ്‌ത ആർഷ് ദീപ് ആണ് രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ളണ്ടിനെ തകർത്തത്. 99 റൺസ് വഴങ്ങി ആർ‌ഷ് ദീപ് ആറ് വിക്കറ്റുകൾ നേടി. ആദ്യ ഇന്നിംഗ്‌സിൽ താരം നാല് വിക്കറ്റുകൾ നേടിയിരുന്നു. നിലവിലെ വിജയത്തോടെ ഇന്ത്യ- ഇംഗ്ളണ്ട് പരമ്പര 1-1 എന്ന നിലയിൽ സമനിലയിലാണ്.