രജിസ്‌ട്രാറോട് ചുമതലയേൽക്കാൻ നി‌ർദ്ദേശിച്ച ജോയിന്റ് രജിസ്ട്രാർക്കെതിരെയും നടപടി വന്നേക്കുമെന്ന് സൂചനകൾ

Monday 07 July 2025 8:12 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നാടകീയ സംഭവങ്ങൾ ഇന്നും തുടരുമെന്ന് സൂചന. സസ്‌പെൻഷനിലായ രജിസ്‌ട്രാ‌ർ ഡോ.കെ എസ് അനിൽ കുമാർ ഇന്നലെ വീണ്ടും ചുമതലയേറ്റിരുന്നു. സിൻഡി‌ക്കേറ്റ് യോഗത്തിൽ ജോ.രജിസ്ട്രാർ പി.ഹരികുമാർ നിർദ്ദേശിച്ചതിന് ‌ പിന്നാലെയാണ് ഇദ്ദേഹം ചുമതലയേറ്റതെന്ന വിവരം പുറത്തുവന്നിരുന്നു. സിൻഡിക്കേറ്റ് യോഗത്തിലെ സംഭവവികാസങ്ങളിൽ വിസി ഡോ.സിസാ തോമസ്, ഹരികുമാറിനോട് വിശദീകരണം തേടിയിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയ്‌ക്ക് മുൻപ് വിശദീകരണം നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

യോഗം താൻ‌ പിരിച്ചുവിട്ടതിന് ശേഷവും അനധികൃതമായി യോഗത്തിൽ ഹാജരായ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ ഇന്ന് രാവിലെ വിശദീകരണം നൽകാനാണ് വി.സി നിർദ്ദേശിച്ചത്. സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടതിന് ശേഷമുള്ള എല്ലാ തീരുമാനങ്ങളും നിയമപരമായി അസാധുവാണെന്ന് വൈസ് ചാൻസലർ കഴി‌ഞ്ഞ‌ദിവസം പറഞ്ഞിരുന്നു. സസ്പെൻഷനിലായിരുന്ന ഡോ. കെ.എസ്.അനിൽകുമാർ യൂണിവേഴ്സിറ്റി രജിസ്ട്രാറായി ചുമതലയേറ്റെന്ന വാർത്തയെ അതീവ ഗൗരവത്തോടെയാണ് സർവകലാശാല കാണുന്നതെന്നും അവർ‌ കൂട്ടിച്ചേർത്തു.

ഭാരതാംബ ചിത്രം സെനറ്റ് ഹാളിൽ പാടില്ലായിരുന്നുവെന്നും ആ ചടങ്ങ് റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി കൃത്യവുമാണെന്ന നിലപാടിൽ മാറ്റമില്ലെന്നുമാണ് ഇടത്, വലത് സിൻഡിക്കേറ്റ് അംഗങ്ങൾ കഴിഞ്ഞ‌ദിവസവും സ്വീകരിച്ച നിലപാട്.


സിൻഡിക്കേറ്റിന്റെ നിർദ്ദേശത്തിലാണ് രജിസ്ട്രാർ ചുമതലയേൽക്കാൻ പെട്ടെന്ന് എത്തിയത്. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. രജിസ്ട്രാറെ വിളിച്ചു വരുത്താനുള്ള അധികാരം സിൻഡിക്കേറ്റിനുണ്ട്. സസ്‌പെൻഷൻ നടപടി റദ്ദ് ചെയ്‌തെന്ന് സിൻഡിക്കേറ്റ് പാസാക്കിയ പ്രമേയം നിലനിൽക്കുമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. സിൻഡിക്കേറ്റിന്റെ അധികാരം ചോദ്യം ചെയ്യാൻ വിസിയ്ക്ക് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.


താത്കാലിക വി.സി സിസാ തോമസ് പിരിച്ചുവിട്ട യോഗത്തിനുശേഷം ചേർന്ന സമാന്തര യോഗത്തിലെ തീരുമാനം നിയമപരമായി നിലനിൽക്കുമോയെന്ന ചോദ്യം ഇതിനിടെ‌ ഉയരുന്നുണ്ട്. യോഗം പിരിച്ചുവിട്ട ശേഷം ചേർന്ന യോഗത്തിന്റെ മിനിട്സ് വി.സി അംഗീകരിക്കാതെ, ആ തീരുമാനത്തിന് പ്രാബല്യം ഉണ്ടാകില്ല. ഹർജി നിൽനിൽക്കുന്നതിനാൽ, അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കോടതിയാണ്.രജിസ്ട്രാർക്കും സിൻഡിക്കേറ്റിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ വിഷയത്തിൽ ഇടത് അംഗങ്ങളോടൊപ്പമായിരുന്നു കോൺഗ്രസും.

കഴിഞ്ഞദിവസം അരമണിക്കൂർ കോൺഗ്രസ് പ്രതിനിധിയും സമാന്തര സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. സംഘപരിവാർ അനുകൂല സംഘടനയ്ക്ക് സെനറ്റ് ഹാൾ അനുവദിച്ചതും പിന്നാലെ തടസ്സം സൃഷ്ടിച്ചതും ആസൂത്രിതമാണോ എന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് അനുകൂല സിൻഡിക്കേറ്റ് അംഗം വൈ. അഹമ്മദ് ഫസിൽ പറഞ്ഞു.