ഇതിലും വലിയ അവസരം വേറെയില്ല;​ സ്വർണത്തിൽ വൻ ഇടിവ്, ആഭരണങ്ങൾ വാങ്ങുന്നവർ ഹാപ്പിയാകും

Monday 07 July 2025 10:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 72,080 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,010 രൂപയുമായി. ഇന്നലെയും ശനിയാഴ്ചയും സ്വർണവിലയിൽ മാ​റ്റമില്ലായിരുന്നു. അന്ന് പവന് 72,480 രൂപയായിരുന്നു. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് മൂന്നിനായിരുന്നു. അന്ന് ഒരു പവന് 72,840 രൂപയായിരുന്നു. അതുപോലെ ഈ മാസത്തെ ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂലായ് ഒന്നിനായിരുന്നു. അന്ന് പവന് 72,160 രൂപയായിരുന്നു.

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ സ്വർണവിലയിൽ കുറവ് സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറഞ്ഞിരുന്നത്. പശ്ചിമേഷ്യയിൽ സമാധാനം പുലർന്നതും അമേരിക്കയിൽ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യതയും രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടാഴ്ചയായി സ്വർണവിലയിൽ തുടർച്ചയായി ഇടിവ് സംഭവിക്കുന്നുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കുറഞ്ഞതാണ് വിലയിടിവ് രൂക്ഷമാക്കുന്നത്. അമേരിക്കയും ചൈനയും വ്യാപാര കരാറിന് അന്തിമ രൂപം നൽകിയെന്ന വാർത്തകളും സ്വർണത്തിന് തിരിച്ചടിയായി.

പകരച്ചുങ്കം നടപ്പാക്കുന്നതിൽ നിന്ന് അമേരിക്ക പിന്മാറിയാൽ സ്വർണവില ഇനിയും താഴേക്ക് നീങ്ങുമെന്നാണ് വിലയിരുത്തുന്നത്. ജൂൺ 14ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,560 രൂപയിൽ നിന്ന് 3,120 രൂപയുടെ ഇടിവാണ് പവന് രണ്ടാഴ്ചയ്ക്കിടെയിൽ ഉണ്ടായത്. 28 മാസത്തിനിടെ സ്വർണവില ഇരട്ടിയിലധികം ഉയർന്നതിന് ശേഷമാണ് തുടർച്ചയായി താഴേക്ക് നീങ്ങുന്നത്. അതേസമയം,​ സംസ്ഥാനത്തെ വെളളിവിലയിൽ ഇന്ന് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇന്ന് ഗ്രാമിന് 120 രൂപയും ഒരു കിലോഗ്രാമിന് 1,​20,​000 രൂപയുമാണ്.