പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ മുൻ അദ്ധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയിലെ മുൻ അദ്ധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു. എതാനും മാസങ്ങളായി വാർദ്ധ്യക സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് കാലം ചെയ്തത്. തൃശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചു മറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13ന് ജനിച്ച മാർ അപ്രേം ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷവും കർമരംഗത്ത് സജീവമായിരുന്നു. ജോർജ് ഡേവിസ് മൂക്കൻ എന്നായിരുന്നു ആദ്യനാമം.
1961 ജൂൺ 25ന് ശെമ്മാശനായും പിന്നീട് 1965 ജൂൺ 13ന് കശീശ്ശയായും മാർ തോമ ധർമ്മോയിൽ നിന്ന് പട്ടം സ്വീകരിച്ച് വൈദിക ശുശ്രൂഷയിൽ പ്രവേശിച്ചു. 28-ാം വയസിൽ മാർ അപ്രേം മെത്രാപ്പോലീത്തയായപ്പോൾ അതുവരെയുള്ള ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം.
ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. യാത്രാവിവരണങ്ങൾ, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം, സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാർജയിൽ അത് വേദിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.