വിസി പിരിച്ചുവിട്ട യോഗത്തിൽ പങ്കെടുത്തതിനെതിരെ നടപടി, കേരള സർവകലാശാല ജോയിന്റ് രജിസ്‌ട്രാറെ മാറ്റി

Monday 07 July 2025 12:30 PM IST

തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് രജിസ്‌ട്രാർ പി ഹരികുമാറിനെതിരെ നടപടി. വിസി പിരിച്ചുവിട്ട യോഗത്തിൽ പങ്കെടുത്തതിന് ജോയിന്റ് രജിസ്‌ട്രാർ സ്ഥാനത്തുനിന്ന് ഹരികുമാറിനെ നീക്കി. അഡ്‌മിനിസ്‌ട്രേഷൻ ജോയിന്റ് രജിസ്‌ട്രാർ സ്ഥാനത്തുനിന്ന് അക്കാദമിക് വിഭാഗത്തിലേക്കാണ് മാറ്റിയത്. വിസിയുടെ അനുമതിയില്ലാതെ സസ്‌പെൻഷനിലായിരുന്ന രജിസ്‌ട്രാർക്ക് ഹരികുമാർ ചുമതല കൈമാറിയെന്ന് കാണിച്ചാണ് നടപടി. നിലവിൽ മിനി കാപ്പനാണ് രജിസ്‌ട്രാറുടെ ചുമതല നൽകിയിരിക്കുന്നത്. ഹേമ ആനന്ദിന് ഭരണവിഭാഗം ചുമതലയും നൽകി.

സിൻഡിക്കേറ്റ് യോഗത്തിലെ സംഭവവികാസങ്ങളിൽ വിസി ഡോ.സിസാ തോമസ്, ഹരികുമാറിനോട് വിശദീകരണം തേടിയിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയ്‌ക്ക് മുൻപ് വിശദീകരണം നൽകാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഹരികുമാർ വിശദീകരണം നൽകാതെ അവധിയിൽ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് ജോയിന്റ് രജിസ്‌ട്രാറെ മാറ്റിയത്.

യോഗം താൻ‌ പിരിച്ചുവിട്ടതിന് ശേഷവും അനധികൃതമായി യോഗത്തിൽ ഹാജരായതിനാണ് ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനോട് വിസി വിശദീകരണം ആവശ്യപ്പെട്ടത്. സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടതിന് ശേഷമുള്ള എല്ലാ തീരുമാനങ്ങളും നിയമപരമായി അസാധുവാണെന്ന് വൈസ് ചാൻസലർ കഴി‌ഞ്ഞ‌ദിവസം പറഞ്ഞിരുന്നു. സസ്പെൻഷനിലായിരുന്ന ഡോ. കെ.എസ്.അനിൽകുമാർ യൂണിവേഴ്സിറ്റി രജിസ്ട്രാറായി ചുമതലയേറ്റെന്ന വാർത്തയെ അതീവ ഗൗരവത്തോടെയാണ് സർവകലാശാല കാണുന്നതെന്നും വിസി വ്യക്തമാക്കി. സസ്‌പെൻഷനിലായിരുന്ന രജിസ്‌ട്രാ‌ർ ഡോ.കെ എസ് അനിൽ കുമാർ ഇന്നലെ വീണ്ടും ചുമതലയേറ്റിരുന്നു. സിൻഡി‌ക്കേറ്റ് യോഗത്തിൽ ജോ.രജിസ്ട്രാർ പി ഹരികുമാർ നിർദ്ദേശം നൽകിയതിന് ‌ പിന്നാലെയാണ് ഇദ്ദേഹം ചുമതലയേറ്റതെന്ന വിവരവും പുറത്തുവന്നിരുന്നു.

അതേസമയം, സിൻഡിക്കേറ്റിന്റെ നിർദ്ദേശത്തിലാണ് രജിസ്ട്രാർ ചുമതലയേൽക്കാൻ പെട്ടെന്ന് എത്തിയതെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. രജിസ്ട്രാറെ വിളിച്ചു വരുത്താനുള്ള അധികാരം സിൻഡിക്കേറ്റിനുണ്ട്. സസ്‌പെൻഷൻ നടപടി റദ്ദ് ചെയ്‌തെന്ന് സിൻഡിക്കേറ്റ് പാസാക്കിയ പ്രമേയം നിലനിൽക്കും. സിൻഡിക്കേറ്റിന്റെ അധികാരം ചോദ്യം ചെയ്യാൻ വിസിയ്ക്ക് കഴിയില്ലെന്നും അവർ പറഞ്ഞു.