ഈ ബിച്ചിലേക്ക് ആരും കടന്നുചെല്ലല്ലേ, വന്ന സ്‌ത്രീകളടക്കം പെട്ടു, തർക്കം പതിവ്
ബേപ്പൂർ: മറീന ബീച്ചിൽ സഞ്ചാരികൾക്കായി ഒരുക്കിയ ടോയ്ലറ്റിന്റെ നവീകരണം നടക്കുന്നതിനാൽ ബീച്ചിലെത്തുന്ന സ്ത്രീകളും കുട്ടികളും ദുരിതത്തിലാണ് . സ്ത്രീകൾക്കായി ബദൽ സൗകര്യം ഒരുക്കാത്തതിനാൽ ബീച്ചിന് സമീപത്തെ വീടുകളാണ് ഏക ആശ്രയം. തുടർച്ചയായി സ്ത്രീകൾ വന്നുതുടങ്ങിയതോടെ സഞ്ചാരികൾക്ക് നേരെ ചില വീട്ടുകാരുടെ ശകാരവർഷവും പതിവായിട്ടുണ്ട്. ചിലർ ടോയ്ലറ്റ് ഉപയോഗിക്കുവാൻ അനുവദിക്കാത്ത സ്ഥിതിയും ഇവിടെയുണ്ട്. മഴക്കാലമായതിനാൽ സെപ്‌റ്റിക് ടാങ്ക് നിറയുന്നതും നാട്ടുകാരിൽ വിഷമം സൃഷ്ടിക്കുന്നു. ടോയ്ലറ്റ് സൗകര്യമുളള ഹോട്ടലുകൾ ബേപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാത്തതും വിഷയം കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.
മറീന ബീച്ചിൽ പ്രവർത്തിച്ചിരുന്ന ടോയ്ലറ്റിലെ ക്ലോസറ്റുകളിൽ സഞ്ചാരികൾ കുട്ടികളുടെയും മുതിർന്നവരുടെയും പാഡുകളും മറ്റും തള്ളിയത് മൂലം പൈപ്പുകൾ അടഞ്ഞ് സെപ്‌റ്റിക്ക് ടാങ്കുകളിലേക്കുള്ള ഒഴുക്ക് നിലച്ചതിനാലും ടോയ്ലറ്റിന്റെ മേൽക്കൂരയിൽ ചോർച്ച രൂപപ്പെട്ടത് മൂലവുമാണ് കെ .ടി .ഡി .സിയുടെ നേതൃത്വത്തിൽ ടോയ്ലറ്റ് നവീകരിക്കുവാൻ ഉദ്ദേശിച്ചത്. പക്ഷേ, ബദൽ സംവിധാനം ഒരുക്കാതെയാണ് ടോയ്ലറ്റ് നവീകരണം ആരംഭിച്ചത് എന്ന ആരോപണം ശക്തമാണ്.
ടോയ്ലറ്റിന്റെ പ്രവൃത്തി തീരുംവരെ മറീന ബീച്ചിലേക്ക് സഞ്ചാരികളെ കടത്തിവിടാതിരിക്കുന്നതാണ് അഭികാമ്യം എന്നാണ് നാട്ടുകാർ പറയുന്നത്. ശൗചാലയ വിഷയത്തിൽ സഞ്ചാരികളുടെ ശകാരവർഷങ്ങൾക്ക് ഇരയായിരിക്കുകയാണ് മറീന ബീച്ചിലെ സെക്യൂരിറ്റി ജീവനക്കാർ.