കൊച്ചി നഗരത്തിന്റെ മുഖഛായ തന്നെ ഇനി മാറും, 10 കോടിയുടെ വമ്പൻ പദ്ധതി വരുന്നു
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി എം.ജി. റോഡിൽ 10 കോടി രൂപ ചെലവഴിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. മേയർ അഡ്വ. എം. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. മാധവ ഫാർമസി ജംഗ്ഷൻ മുതലുള്ള ഭാഗങ്ങളിലാണ് ഈ തുക വിനിയോഗിക്കുക.
ജലസേചന വകുപ്പിന് കീഴിൽ തേവര പേരണ്ടൂർ കനാലിൽ നാല് റീച്ചുകളിലായി നടക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫയർഫോഴ്സിന്റെ എല്ലാ പമ്പ് സെറ്റുകളും പ്രവർത്തന സജ്ജമാണെന്ന് യോഗത്തെ അറിയിച്ചു. എം.ജി. റോഡിൽ തകർന്നുപോയ സ്ലാബുകൾ മാറ്റിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പൊതുമരാമത്ത് വകുപ്പ് യോഗത്തിൽ സമർപ്പിച്ചു.
കമ്മട്ടിപ്പാടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ല രീതിയിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്ന് യോഗം നിരീക്ഷിച്ചു. മുല്ലശ്ശേരി കനാലിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങൾ ജലസേചന വകുപ്പ് യോഗത്തിൽ അവതരിപ്പിച്ചു. ടാസ്‌ക് ഫോഴ്സ് എന്ന നിലയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ജീവനക്കാരെ ചേർത്ത് സജ്ജീകരിച്ചിരിക്കുന്ന പദ്ധതിക്ക് ഹെൽത്ത് കമ്മിറ്റി ചെയർമാനെയും ഹെൽത്ത് ഓഫീസറെയും യോഗം അഭിനന്ദിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി യോഗം ചേർന്നതിനു ശേഷം വകുപ്പിൽ നിന്ന് അനുവദിക്കുന്നത് തുക അനുസരിച്ച് രണ്ടാംഘട്ടമായി പ്രവൃത്തികൾ നടത്തും.
അഡ്വ. എം. അനിൽകുമാർ
മേയർ,കൊച്ചി