അപകടക്കെണിയൊരുക്കി കാഞ്ഞിരക്കാട് വളവിലെ കുഴികൾ

Tuesday 08 July 2025 12:08 AM IST

പെരുമ്പാവൂർ: എം.സി റോഡ് കാഞ്ഞിരക്കാട് വളവിലെ കുഴികൾ വാഹനങ്ങൾക്ക് അപകടക്കെണിയായി മാറുന്നു. റോഡിന് നടുവിലും വശത്തും നിറയെ കുഴികളാണ്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. വലിയൊരപകടം ഉണ്ടായി ഏതാനും മാസങ്ങൾക്കു മുമ്പ് അടച്ച കുഴികളാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയുടെ ആഴം അറിയാതെയാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെടുന്നത്. ചെറിയ കുഴികൾ ആയതിനാൽ പെട്ടെന്ന് ശ്രദ്ധിക്കില്ല. റോഡിന്റെ വളവും ഇറക്കവും ഒരുമിച്ചുള്ള ഈ ഭാഗത്തെ കുഴികൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത് തൊട്ടു മുൻപിൽ എത്തുമ്പോഴാണ്. പെട്ടെന്ന് ബ്രേക്ക് ഇടുകയോ സൈഡിലേക്ക് തിരിക്കുകയോ ചെയ്യുമ്പോൾ പുറകിലൂടെ വരുന്ന വാഹനങ്ങൾ ഇടിച്ചും അപകടങ്ങൾ ഉണ്ടാവുന്നുണ്ട്.