ഇഴജന്തുക്കളുടെ താവളമായി ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ്

Tuesday 08 July 2025 12:38 AM IST
നഗരസഭ കൗൺസിലർ ജാഫർസാദിക്ക് ജില്ലാകളക്ടർക്ക് ചേംബറിലെത്തി പരാതി നൽകുന്നു

മൂവാറ്റുപുഴ: നഗരസഭയുടെ 21-ാം വാർഡിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയതായി പരാതി. മൂവാറ്റുപുഴ എസ്.എൻ.ഡി.പി റോഡിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സാണ് ശോച്യാവസ്ഥയിലായത്. ക്വാർട്ടേഴ്സിന്റെ പരിസരം മുഴുവനും വൃത്തിഹീനവും ഇഴജന്തുക്കളുടെ വിഹാര കേന്ദ്രവുമാണ്. ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്കും പരിസര വാസികൾക്കും പേടികൂടാതെ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയാണ്.

കൂടാതെ എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ കീഴിലുള്ള ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂൾ, ബി.എഡ് സെന്റർ, ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് ആളുകൾ സ‌ഞ്ചരിക്കുന്ന റോഡിന്റെ ഇരുവശവും കാട് കയറിയ നിലയിലാണ്. കാട് മൂടികിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഇഴജന്തുക്കൾ റോഡിലേക്ക് കടന്നുവരുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

കാട് വെട്ടിതെളിച്ച് ക്വാർട്ടേഴ്സ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർ ജാഫർ സാദിക്ക് ജില്ലാ കളക്ടർക്ക് പരാതി നൽകി. ഭക്ഷണ മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നതിനാൽ ഈ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവുമുണ്ട്. ഇതും സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള വഴിയാത്രക്കാർക്ക് ഭീഷണിയാണെന്നും കൗൺസിലർ ജാഫർസാദിക്ക് പറഞ്ഞു.

എസ്.എൻ.ഡി.പി റോഡിലൂടെ പോകുന്ന യാത്രക്കാരുടെയും ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ താമസിക്കുന്നവരുടെയും സുരക്ഷയെ കരുതി കാട് വെട്ടിത്തെളിക്കാൻ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കാൻ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്ക് നിർദ്ദേശം നൽകണമെന്ന് കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ജാഫർ സാദിക്ക്

കൗൺസിലർ