ലക്ഷക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന മേഖല; നേരിടുന്നത് കനത്ത പ്രതിസന്ധി

Monday 07 July 2025 6:40 PM IST

ഉത്സവം, വിവാഹം, മരണാനന്തര ചടങ്ങുകള്‍ മുതല്‍ ഏതൊരു പരിപാടിയാണെങ്കിലും ഇന്ന് വീട്ടില്‍ പാചകം ചെയ്യുന്ന രീതി നാട്ടിന്‍പുറങ്ങളില്‍ പോലും വിരളമാണ്. എല്ലാത്തരം ചടങ്ങുകള്‍ക്കും ഭക്ഷണം എത്തിക്കുന്നത് കാറ്ററിംഗ് സെന്ററുകളില്‍ നിന്നാണ്. ആവശ്യമുള്ള ഭക്ഷണ സാധനങ്ങളുടെ പട്ടിക നല്‍കിയ ശേഷം അതനുസരിച്ചുള്ള നിരക്ക് കൈമാറിയാല്‍ മാത്രം മതി. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. എന്നാല്‍ കേരളത്തില്‍ കാറ്ററിംഗ് സെന്ററുകള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നാണ് ഓള്‍ കേരള കാറ്ററേഴ്‌സ്അസോസിയേഷന്‍ അഭിപ്രായപ്പെടുന്നത്.

ഓള്‍ കേരള കാറ്ററേഴ്‌സ്അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച സെക്രട്ടേറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടക്കും. ദിനം പ്രതി കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സമസ്ത മേഖലയേയും ബാധിച്ചിരിക്കുകയാണെന്ന് ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്,ജനറല്‍ സെക്രട്ടറി റോബിന്‍ കെ പോള്‍,ട്രഷറര്‍ എം ജി ശ്രീവത്സന്‍,സംസ്ഥാന സെക്രട്ടറി കെ കെ കബീര്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാത്യുസ്, ഭരണ സമിതി അംഗം വി സുനുകുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കാറ്ററിംഗ് നടത്തിപ്പുകാരെയാണ് വിലക്കയറ്റം കൂടുതലായി ബാധിച്ചിരിക്കുന്നത് കാറ്റ്‌റിംഗ് വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ആയിരങ്ങള്‍ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരവും മാര്‍ച്ചും നടത്തും.