ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് 18 അടി നീളമുള്ള രാജവെമ്പാല; റോഷ്‌നി സാദ്ധ്യമാക്കിയത് നീണ്ടകാലത്തെ ആഗ്രഹം

Monday 07 July 2025 7:45 PM IST

തിരുവനന്തപുരം: 18 അടി നീളവും 20 കിലോഗ്രാം ഭാരവുമുള്ള രാജവെമ്പാലയെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. വിതുര പരുത്തിപ്പള്ളി റേഞ്ചിന് കീഴിലുള്ള ആര്യനാട് പേപ്പാറ റോഡിന് സമീപത്ത് നിന്നാണ് കൂറ്റന്‍ രാജവെമ്പാലയെ ചാക്കിലാക്കിയത്. പ്രദേശത്തെ ആളുകള്‍ കുളിക്കുന്ന സ്ഥലത്ത് രാജവെമ്പാലയെ കണ്ടെന്നാണ് ഫോറസ്റ്റ് ഓഫീസില്‍ വിവരം ലഭിച്ചത്. ഉടനെ തന്നെ റോഷ്‌നിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടേക്ക് എത്തുകയായിരുന്നു.

രാജവെമ്പാലയെ വിതുര വനാതിര്‍ത്തിയില്‍ നിന്ന് വനം വകുപ്പിന്റെ ക്വിക്ക് റെസ്‌പോണ്‍സ് സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്.റോഷ്നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.പി.പ്രദീപ് കുമാര്‍, വാച്ചര്‍മാരായ ഷിബു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടി കൂട്ടിലാക്കിയത്. രാജവെമ്പാലയെ പിന്നീട് ഉള്‍ക്കാട്ടില്‍ തുറന്നു വിടുകയായിരുന്നു. രാജവെമ്പാലയെ പിടികൂടുകയെന്നത് നീണ്ടകാലത്തെ തന്റെ ആഗ്രഹമായിരുന്നുവെന്നാണ് റോഷ്‌നി പ്രതികരിച്ചത്.

ഇതുവരെ 1000ല്‍ അധികം വിഷപ്പാമ്പുകളെ ഈ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പിടികൂടിയിട്ടുണ്ട്. തന്നെക്കൊണ്ട് ഈ ജോലി ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് എല്ലാത്തിനും കാരണമെന്നാണ് ഉദ്യോഗസ്ഥ പറയുന്നത്. വനംവകുപ്പില്‍ ജോലിക്ക് പ്രവേശിച്ചതിന് ശേഷമാണ് പാമ്പിനെ പിടികൂടാന്‍ ലൈസന്‍സ് എടുത്തത്. പാമ്പുകളേയും മറ്റ് വന്യമൃഗങ്ങളേയും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അവയെ കാണുമ്പോള്‍ അറപ്പ് തോന്നാറില്ല. അങ്ങനെയുണ്ടെങ്കില്‍ ഈ ജോലി ചെയ്യാന്‍ കഴിയില്ല.

ഭയമുണ്ടെങ്കിലും ഈ ജോലി ചെയ്യാന്‍ കഴിയില്ല. രാജവെമ്പാല ഉള്‍പ്പെടെയുള്ള പാമ്പുകളെ കുറിച്ച് ശാസ്ത്രീയമായ അറിവ് വനം വകുപ്പില്‍ നിന്ന് തന്നെ ലഭിച്ചിട്ടുണ്ട്. രാജവെമ്പാല എങ്ങനെ പെരുമാറും പ്രതികരിക്കും എന്നീ കാര്യങ്ങള്‍ അറിയാം, അത് മനസ്സില്‍ കരുതി തന്നെയാണ് പിടികൂടിയത്. രാജവെമ്പാലയെക്കാള്‍ അപകടകാരിയും അക്രമസ്വഭാവം കാണിക്കുകയും ചെയ്യുന്നത് അണലിയാണെന്നും റോഷിന് പറയുന്നു. താന്‍ പാമ്പുകളെ പിടികൂടുന്നതില്‍ വീട്ടുകാര്‍ക്ക് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.