ട്രെയിന്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റ് പോകുന്നു; ആവശ്യക്കാര്‍ കൂടുതല്‍ ഈ തീയതികളില്‍

Monday 07 July 2025 8:35 PM IST

തിരുവനന്തപുരം: അവധിക്കാലത്ത് ട്രെയിന്‍ ടിക്കറ്റ് കിട്ടാന്‍ മുന്‍കൂട്ടി തയ്യാറായിട്ടും നിരവധിപേര്‍ക്ക് നിരാശ. ഓണത്തിന് നാട്ടിലെത്താന്‍ ടിക്കറ്റ് ബുക്കിംഗ് ഓപ്പണ്‍ ആയ ദിവസം തന്നെ ഐആര്‍സിടിസി വഴി ടിക്കറ്റുകള്‍ വിറ്റ് പോയത് നിമിഷനേരത്തിനുള്ളില്‍. കേരളത്തിലേക്കുള്ള പല ട്രെയിനുകളിലും വെയ്റ്റിംഗ് ലിസ്റ്റില്‍ പോലും ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയാണ് നിലവില്‍. ഈ വര്‍ഷം സെപ്റ്റംബര്‍ 4,5,6,7 ദിവസങ്ങളിലാണ് ഓണം. ഓണം അവധിക്കൊപ്പം വാരാന്ത്യം കൂടി ഒരുമിച്ച് വന്നതോടെ ഫലത്തില്‍ നാട്ടിലെത്താന്‍ മഹാഭാഗ്യം തന്നെ വേണമെന്ന സ്ഥിതിയാണ്.

സെപ്റ്റംബര്‍ നാലിന് ഉത്രാട ദിനത്തിലെ (വ്യാഴാഴ്ച) ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളിലാണ് വെയ്റ്റിംഗ് ലിസ്റ്റിലേക്ക് പോയത്. ചെന്നൈ, ബംഗളൂരു, മുംബയ് തുടങ്ങിയ മലയാളികള്‍ നിരവധിയുള്ള നഗരങ്ങളില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റുകളാണ് പെട്ടെന്ന് തീരുന്നത്. ചെന്നൈയില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള ട്രെയിനുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റും പിന്നിട്ട് വില്‍പ്പന കുതിക്കുന്നത്. മലബാര്‍ മേഖലയിലേക്കുള്ള ടിക്കറ്റുകളും ഏറെക്കുറെ വിറ്റ് തീര്‍ന്നു.

നാട്ടിലേക്ക് ടിക്കറ്റ് കിട്ടിയവര്‍ക്കും ആശങ്ക അവസാനിക്കുന്നില്ല. ഓണം അവധി അവസാനിക്കുന്ന സെപ്റ്റംബര്‍ ഏഴ്, നാലാം ഓണം ഞായറാഴ്ച ദിവസമാണ് വരുന്നത്. ഈ ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല. ഇതിനും ആവശ്യക്കാര്‍ കൂടുതലായിരിക്കുമെന്നതിനാല്‍ പലര്‍ക്കും നെഞ്ചിടിപ്പ് വര്‍ദ്ധിച്ചിരിക്കുകയാണ്. ചെന്നൈക്ക് പുറമേ മലയാളികള്‍ നിരവധിയുള്ള മറ്റ് നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ സ്ഥിതിയും ഏറെക്കുറേ സമാനമാണ്.

റെയില്‍വേ സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ അനുവദിച്ചാല്‍ മാത്രമേ ചെന്നൈ മലയാളികള്‍ക്ക് ഓണത്തിന് നാട്ടിലെത്താന്‍ കഴിയുകയുള്ളൂവെന്നതാണ് സ്ഥിതി. അതോടൊപ്പം തന്നെ തിരക്കുള്ള സീസണില്‍ സ്വകാര്യ ബസ് ലോബികളും വിമാനക്കമ്പനികളും നിരക്ക് വര്‍ദ്ധിപ്പിക്കാനാണ് സാദ്ധ്യത. ഈ സാഹചര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രഖ്യാപിക്കുമോയെന്നാണ് അന്യനാട്ടിലെ മലയാളികള്‍ ഉറ്റുനോക്കുന്നത്.