നിപ: പാലക്കാട് ജില്ലയിൽ 208 പേർ സമ്പർക്ക പട്ടികയിൽ
പാലക്കാട്: നിപവ്യാപനം ഒഴിവാക്കാനുള്ള കർശനവും സൂക്ഷ്മവുമായ നിരിക്ഷണ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് ആരോഗ്യ മന്ത്രി വീണജോർജ്ജ്. പാലക്കാട് ജില്ലയിൽ 208 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. അതിൽ 100 പേർ പ്രൈമറി സമ്പർക്ക പട്ടികയിലും 73 പേർ സെക്കൻഡറി സമ്പർക്ക പട്ടികയിലുമുണ്ട്. 52 പേർ ഹൈറിസ്‌കിലും 48 പേർ ലോ റിക്സിലുമുള്ളവരാണ്. പാലക്കാട് ഗവ.മെഡിക്കൽ കൊളേജിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച 38 കാരിയായ തച്ചനാട്ടുകര സ്വദേശിനി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. രോഗിക്ക് മോണോ ക്രോണൽ ആന്റിബോഡി രണ്ട് ഡോസുകൾ നൽകി. ജില്ലയിൽ ഇതുവരെ പരിശോധിച്ച അഞ്ച് സാമ്പിളുകളും നെഗറ്റീവാണ്. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു ചുറ്റുമുള്ള മൂന്നു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
നടക്കുന്നത് സൂക്ഷ്മ പരിശോധനയെന്ന് മന്ത്രി
നിപരോഗബാധയിൽ ലക്ഷണങ്ങൾ തീവ്രമാകുമ്പോഴാണ് വ്യാപനം കൂടുതലായി നടക്കുന്നത് എന്നുള്ളതിനാൽ വളരെ സൂക്ഷ്മമായ നിരീക്ഷണമാണ് നടക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ മസ്തിഷ്‌കജ്വരം പോലുള്ള രോഗങ്ങൾ മൂലം മരണപ്പെട്ട വ്യക്തികളുടെ രോഗ കാരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. സ്വകാര്യ ആശുപത്രികളെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും സഹകരണത്തോടുകൂടി ആയിരിക്കും പരിശോധന. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ വവ്വാലുകളുടെ സ്രവപരിശോധനയ്ക്കുള്ള അനുമതിക്കായി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. മണ്ണാർക്കാട് സ്വകാര്യ ക്ലിനിക്കിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തിയെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.
വ്യാജ പ്രചാരണത്തിനെതിരെ കർശന നടപടി
ജില്ലയിൽ ഫീൽഡ് സർവയലൻസ് ശക്തമാക്കിയിട്ടുണ്ട്. ക്വാറൻന്റൈനിൻ ഉള്ളവർക്ക് സാമൂഹിക മാനസിക പിന്തുണ ഉറപ്പു വരുത്തുന്നുണ്ട്. വിദ്യാഭ്യാസം ഉൾപ്പെടെ 27 കമ്മിറ്റികൾ ജില്ലയിൽ രൂപീകരിച്ചിട്ടുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണ സാമഗ്രികളും മാസ്‌ക് ഉൾപ്പെടെ അവശ്യ വസ്തുക്കളും എത്തിക്കുന്നുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗബാധ സ്ഥീരികരിച്ച് വന്നാലും ഇവിടെ ചികിത്സയ്ക്കുള്ള സൗകര്യമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ ആദ്യമായാണ് നിപ റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ പ്രചാരണമോ പ്രസ്ഥാവനകളോ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.