എംഎസ്‌സി എൽസ 3 കപ്പലപകടം,​ 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ

Monday 07 July 2025 9:45 PM IST

കൊച്ചി: കേരള തീരത്ത് എം.എസ്.സി എൽസ 3 കപ്പലപകടത്തിൽ 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. അഡ്മിറാലിറ്റി നിയമം അനുസരിച്ച് നടപടി ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി,​ വിഴിഞ്ഞത്ത് എത്തിയ മെഡിറ്ററേനിയൻ കമ്പനിയുടെ മറ്റൊരു കപ്പലായ അക്കിറ്റേറ്റ 2 അടിയന്തരമായി തടഞ്ഞു വയ്ക്കാൻ നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിന് ശേഷം മാത്രം കപ്പൽ വിട്ടയച്ചാൽ മതിയെന്നും ജസ്റ്രിസ് എം.എ. അബ്ദുൾ ഹക്കീം ഉത്തരവിട്ടു.

കപ്പലപകടത്തെ തുടർന്ന് മത്സ്യജല സമ്പത്തിന് വ്യാപക നാശ നഷ്ടമുണ്ടാകുകയും ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതിനുമായി കപ്പൽ കമ്പനി 9000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയത്. കപ്പൽ കമ്പനിക്ക് തുക കെട്ടിവയ്ക്കാൻ 10-ാം തീയതി വരെ കോടതി സമയം അനുവദിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും,​

വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എം.എസ്‌.സി എൽസ 3 എന്ന ചരക്കുകപ്പൽ മേയ് 25 നാണ് കൊച്ചി പുറംകടലിൽ മുങ്ങി അപകടമുണ്ടായത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. സംഭവത്തിൽ അപകട വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയിരുന്നു.